Tuesday, September 27, 2022
HomeGulfSaudi Arabiaറിയാദില്‍ നിന്നു കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു; യാത്രക്കാര്‍ക്ക് വെറും തെര്‍മല്‍ ടെസ്റ്റ് മാത്രം

റിയാദില്‍ നിന്നു കരിപ്പൂരിലേക്കുള്ള വിമാനം പുറപ്പെട്ടു; യാത്രക്കാര്‍ക്ക് വെറും തെര്‍മല്‍ ടെസ്റ്റ് മാത്രം

ഷക്കീബ് കൊളക്കാടന്‍

റിയാദ്: പ്രവാസി ഇന്ത്യക്കാരുമായി സൗദി അറബ്യയില്‍ നിന്നുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ടു. 152 യാത്രക്കാരുമായി റിയാദില്‍ നിന്ന് ഉച്ചക്ക് ഒരു മണിക്കാണ് വിമാനം ഉയര്‍ന്നത്. രാത്രി എട്ടു മണിയോടെ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും.

യാത്രക്കാര്‍ക്ക് തെര്‍മല്‍ ടെസ്റ്റ് മാത്രമാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയത്. ആര്‍ക്കും കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്ന് എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ പറഞ്ഞു.

12.45 നു പുറപ്പെടേണ്ട വിമാനം 15 മിനിറ്റ് വൈകിയാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്നത്. നാല് കുട്ടികളടക്കം 152 പേരുള്ള വിമാനത്തില്‍ നാല് ക്യാപ്റ്റന്മാരും നാലു ക്യാബിന്‍ ക്രൂവുമുണ്ട്.

കാലത്ത് 9 മണി മുതല്‍ റിയാദിന് പുറമെ മറ്റു പ്രവിശ്യയില്‍ നിന്നുള്ള യാത്രക്കാരും വിമാനത്താവളത്തില്‍ എത്തിത്തുടങ്ങിയിരുന്നു. ഗര്‍ഭിണികളും പ്രായം ചെന്നവരും രോഗികളും വിസ കാലാവധി കഴിഞ്ഞവരുമാണ് ആദ്യ വിമാനത്തിലുള്ളത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സുരക്ഷാ പരിശോധനകള്‍ക്കും മറ്റു മേല്‍നോട്ടങ്ങള്‍ക്കുമായി വിമാനത്താവളത്തിലെത്തിയിരുന്നു. കെഎംസിസി അടക്കമുള്ള ചില സംഘടനകളുടെ വൊളന്റിര്‍മാരും യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യാനും മറ്റുമായി എയര്‍പോര്‍ട്ടില്‍ എത്തി.

അല്‍ ഖസീം, ദാവാദ്മി, അല്‍ ഖര്‍ജ്, അല്‍ ഹസ്സ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള യാത്രക്കാരും വിമാനത്തിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലക്കാരും കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ യാത്രയായി.

First flight from Saudi to land in Kerala today; flight started from riyadh


 

Most Popular