സൗദിയില്‍ ഇന്ന് കൊറോണ ബാധിച്ച് മരിച്ചത് അഞ്ചു പേര്‍; 1088 പേര്‍ക്കു കൂടി സ്ഥിരീകരിച്ചു

saudi corona death

റിയാദ്: സൗദിയില്‍ ഇന്ന് അഞ്ച് പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു. മക്കയില്‍ നാല് പേരും ജിദ്ദയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 97 ആയി. 1088 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 9362 ആണ് നിലവില്‍ രോഗികളുടെ എണ്ണം. 69 പേര്‍ക്ക് ഇന്ന് രോഗമുക്തി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. 93 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

അസുഖം സ്ഥിരീകരിച്ചവരില്‍ 87 ശതമാനവും പ്രവാസികളാണ്. ഒരു ലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ തൊളളായിരത്തിലേറെ പേരെ കണ്ടെത്തിയത് വീടുകളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നേരിട്ട് നടത്തിയ പരിശോധനയിലാണ്. മക്കയില്‍ 251, ജിദ്ദ 210, ദമ്മാം 194, മദീന 177, ഹൊഫൂഫ് 123, റിയാദ് 85 എന്നിങ്ങിനെയാണ് പ്രധാന മേഖലകളിലെ രോഗസംഖ്യ.

മക്ക അല്‍ ഹറം പദ്ധതിയിലെ ജീവനക്കാരനായ യുപി സ്വദേശി മുഹമ്മദ് അസ്ലം ഖാന്‍(51) ഇന്നലെ രാത്രി മക്കയില്‍ മരിച്ചിരുന്നു. ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഗുലിസ്താന്‍ അസ്ലമാണ് ഭാര്യ. രണ്ട് മക്കളും ഈ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. രണ്ടാഴ്ചയായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. തെലങ്കാന സ്വദേശിയും ഇന്നലെ മക്കയില്‍ മരിച്ചിരുന്നു. ഇതോടെ ഇന്നലെ വരെ മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി. രണ്ട് മലയാളികളും ഇതുവരെ മരിച്ചവരില്‍ പെടുന്നു.

രാജ്യത്തുടനീളം ജനസാന്ദ്രത കൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പരിശോധന വ്യാപകമായി തുടരുകയാണ്.

five more corona death in saudi arabia; 1088 positive cases