കണ്ണൂരില്‍ നിന്ന് ദമ്മാമിലേക്ക് നേരിട്ട് വിമാനം

ദമ്മാം: ദമ്മാമില്‍നിന്ന് കണ്ണൂരിലേക്കു നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഗോ എയറാണ് ഡിസംബര്‍ 19 മുതല്‍ ഈ സെക്ടറില്‍ സര്‍വീസ് ആരംഭിക്കുന്നത്.

രാവിലെ 9.55ന് ദമ്മാമില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം വൈകിട്ട് അഞ്ചിന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 (സൗദി സമയം) ന് ദമ്മാമില്‍ എത്തിച്ചേരും. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്.

വണ്‍വേ 499 റിയാലും റൗണ്ട്ട്രിപ് 999 റിയാലുമാണ് ഗോ എയറിന്റെ നിരക്ക്. 30 കിലോ ബാഗേജും 7 കിലോ ഹാന്റ് ബാഗേജും അനുവദിക്കും. അധിക ബാഗേജ് വേണ്ടവര്‍ക്ക് 5 കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധികം കൊണ്ടുപോകാനും സൗകര്യമുണ്ട്.

നിലവില്‍ അബൂദബി, മസ്‌ക്കത്ത്, കുവൈത്ത്, ദുബയ് എന്നിവിടങ്ങളില്‍ നിന്നു ഗോ എയര്‍ കണ്ണുരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഉടന്‍ ദോഹ സര്‍വീസും ആരംഭിക്കും.