Saturday, October 23, 2021
HomeGulfകോവിഡ് പ്രതിസന്ധി മറയാക്കി ദമാമില്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു

കോവിഡ് പ്രതിസന്ധി മറയാക്കി ദമാമില്‍ തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നു

ദമാം: കോവിഡ് വ്യാപന സാഹചര്യം മറയാക്കി തട്ടിപ്പ് സംഘങ്ങള്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ വിലസുന്നു. ലോകമെമ്പാടും കോവിഡ് ഭീതിയെ തുടര്‍ന്ന് വിറങ്ങലിച്ചു നിന്നപ്പോഴും ഒരു ദാക്ഷിണ്യവും കൂടാതെ അനധികൃതമായ രീതില്‍ വിവിധ തരത്തിലുള്ള ഇടപാടുകളും ധനസമ്പാദനവും നടക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള വഴി തേടി അലയുന്ന മലയാളികളടക്കം നിരവധി ആളുകളാണ് ഇത്തരം റാക്കറ്റുകളില്‍ അകപ്പെട്ട്, ഗത്യന്തരമില്ലാതെ നാട്ടിലേക്ക് മുങ്ങിയിരിക്കുന്നത്. സിഗരറ്റ്, നിരോധിക്കപ്പെട്ട തംബാക്കുകള്‍, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ അതിര്‍ത്തി രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് എത്തിക്കുന്നതിന് മുതല്‍മുടക്കിയ നിരവധി പ്രവാസികള്‍ക്ക് ഈ കച്ചവടത്തില്‍ ലക്ഷക്കണക്കിന് റിയാല്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. അവസാനം കിടപ്പാടം വരെ വിറ്റാലും കടം തീര്‍ക്കാന്‍ വഴിയില്ലാതെ കഴിയുന്നതായാണ് വിവരം. നൂറു ശതമാനം ലാഭം ഓഫര്‍ ചെയ്യുന്ന ഈ ബിസിനസില്‍ അകപ്പെടുന്നതാവട്ടെ കൂടുതലും മലയാളികളാണ്. സ്വദേശികളും വിദേശികളും അടങ്ങുന്ന അന്തര്‍ ദേശീയ റാക്കറ്റുകളാണ് ഇതിന് പിന്നില്‍. ഈ കച്ചവടത്തിലെ ഇടനിലക്കാര്‍ ഇരകളെ ലാഭത്തിന്റെ പെരുപ്പം പറഞ്ഞു ഫലിപ്പിച്ചു പണം മുന്‍കൂറായി ശേഖരിക്കുകയും നേരിട്ട് മൊബൈലിലൂടെ കച്ചവടക്കാരനെ ബന്ധപ്പെടുകയും ഇരകളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ രാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ അവരെ കൂടി കണ്ടു ബോധ്യപ്പെടുത്തി ഇത്തരം സാധനങ്ങള്‍ കൈപ്പറ്റുകയും അയല്‍ രാജ്യങ്ങളില്‍ നിന്നും കാര്‍ഗോ വഴി അയക്കുന്നതിനു സംവിധാനവും ഒരുക്കുന്നു. ഈ കാര്‍ഗോയും വരുന്നത് കാത്തു മാസങ്ങളോളം കാത്തിരിക്കുകയല്ലാതെ ഒരു ഫലവുമുണ്ടാവില്ല. ചില കേസുകള്‍ ആവട്ടെ അതിര്‍ത്തിയില്‍ കസ്റ്റംസ് പിടിച്ചു എന്ന വ്യാജ കഥയുണ്ടാക്കി മുങ്ങുകയും ചെയ്യുന്നു. അനധികൃതമായ ഈ കച്ചവടത്തിലെ ചതിയെ കുറിച്ച് പോലീസില്‍ പരാതി നല്‍കാന്‍ പോലും കഴിയില്ല. ഇരയെ തേടുന്നവര്‍ ആദ്യ തവണ ഈ കച്ചവടം സാധ്യമാക്കുകയും അതില്‍ കിട്ടുന്ന ലാഭം കാണുന്നതോടെ കൂടുതല്‍ സംഖ്യ നിക്ഷേപിക്കുന്നു. ഇതോടെയാണ് കുരുക്കുകള്‍ മുറുക്കുന്നത്. പെരിന്തല്‍മണ്ണ സ്വദേശിക്ക് 10 ലക്ഷം റിയാലാണ് നഷ്ടപ്പെട്ടത്. നിരവധി സുഹൃത്തുക്കളില്‍ നിന്നായി മറ്റു ബിസിനസ്സുകളുടെ പേരില്‍ പണം ശേഖരിച്ചാണ് ഇദ്ദേഹം ഈ ചതിക്കുഴിയില്‍ പെട്ടത്.
ഒരു മലയാളി തന്നെ ഇടനിലക്കാരനായാണ് ഈ തട്ടിപ്പുസംഘം കോഴിക്കോട് സ്വദേശിയില്‍ നിന്നും തംബാക്ക് ഇറക്കുന്നതിന് പണം മുന്‍കൂറായി തട്ടിയെടുത്തത്. നേരത്തെ നിരവധി തവണ ഈ ബിസിനസ് ചെയ്ത ആളാണെന്ന് സ്വയം പരിചയപ്പെടുത്തി ചില സാക്ഷി മൊഴികളുടെ സഹായത്താലാണ് കോഴിക്കോട് സ്വദേശി 10 ലക്ഷം റിയാല്‍ നല്‍കിയത്.
ഇത്രയും വലിയ തുക സ്വീകരിക്കുന്നതിന് പകരമായി തട്ടിപ്പുസംഘത്തില്‍ പെട്ട ഒരു സ്വദേശി തതുല്യമായ തുകക്കുള്ള ചെക്കും നല്‍കിയിരുന്നു. ഈ ചെക്കിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ ആയിരം റിയാലിന്റെ മറ്റൊരു ചെക്ക് കൂടി നല്‍കി. അത് ബാങ്കില്‍ സമര്‍പ്പിച്ചു ആയിരം റിയാല്‍ പിന്‍വലിച്ചതോടെ അക്കൗണ്ട് യാഥാര്‍ഥ്യമാണെന്നും ഇരയെ ബോധ്യപ്പെടുത്തി. ഈ ഇടപാട് നടന്നത് കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു. കോഴിക്കോട് സ്വദേശി തന്നെ ദുബായില്‍ പോയി ഈ റാക്കറ്റിന്റെ ഇടനിലക്കാരെ കണ്ടു തംബാക്ക് സ്വീകരിച്ചു കാര്‍ഗോ കമ്പനിയെ ഏല്‍പ്പിച്ചു. ഇദ്ദേഹത്തിനു നേരിട്ട് ബന്ധമില്ലാത്തതിനാല്‍ സൗദിയില്‍ എത്തി മാസങ്ങളോളം കാത്തിരുന്നെങ്കിലും ചരക്ക് ഇവിടെ എത്തിയില്ല. പണം വാങ്ങിയ ആളുകള്‍ കയ്യൊഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തിന് ചതി മനസ്സിലായത്. നിരവധി ആളുകളില്‍ നിന്നും ഒരു മാസത്തെ അവധിക്കായി പണം വാങ്ങിയ ഇദ്ദേഹം ഈ കോവിഡ് കാലത്ത് ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ നാട്ടില്‍ എത്തി കിടപ്പാടം വിറ്റു കടം വീട്ടുകയായിരുന്നു. ഇത്തരം നൂറുകണക്കിന് തട്ടിപ്പുകള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടന്നതായാണ് അറിയുന്നത്. നാണക്കേട് കൊണ്ട് പലരും പുറത്തറിയിക്കാതെ കഴിയുന്നു. ഇതില്‍ പല ആളുകളും നാട്ടില്‍ വിവിധ മാര്‍ഗങ്ങളില്‍ പണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നതും ഇരകളാവുന്നതും മലയാളികള്‍ ആണ് എന്നതാണ് ഏറെ കൗതുകകരം.

Most Popular