ജിദ്ദയിൽ എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം; പിന്നാലെ എണ്ണവിലയില്‍ നേരിയ വര്‍ധന

Terrorist attack in Jeddah

ജിദ്ദയില്‍ എണ്ണക്കപ്പലിന് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് തീപിടുത്തമുണ്ടായി. കപ്പലിന് നേരെയെത്തിയ സ്‌ഫോടക വസ്തു നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊര്‍ജമന്ത്രാലയം അറിയിച്ചു. സിംഗപ്പൂര്‍ രജിസ്‌ട്രേഷനുള്ള ബി.ഡബ്ലു റൈന്‍ എന്ന കപ്പലിന് നേരെയാണ് ജിദ്ദയില്‍ ആക്രമണം നടന്നത്. ഫഹ്നിയ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ പുലര്‍ച്ചെ 12.40 നായിരുന്നു. കപ്പലിലുണ്ടായിരുന്ന 22 പേരെയും പരിക്കുകള്‍ കൂടാതെ പുറത്തെത്തിച്ചു.

കുഴിബോംബ് സ്‌ഫോടനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കപ്പലുകള്‍ക്ക് ഇന്ധനം നല്‍കാനാണ് ഈ കപ്പല്‍ സര്‍വീസ് നടത്തിയിരുന്നത്. ജിദ്ദയില്‍ ഇന്ധനം ഇറക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഇതേതുടര്‍ന്ന് കപ്പലില്‍ കേടുപാടുകളുണ്ടായി. വേഗത്തില്‍ തീയണക്കുകയും ചെയ്തു. കപ്പലിലെ എണ്ണയില്‍ ചേര്‍ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്നേ സൗദി അരാംകോയുടെ ജിദ്ദയിലെ കേന്ദ്രത്തിന് നേരെയും മറ്റൊരു കപ്പലിന് നേരെയും ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ചെങ്കടലില്‍ കുഴിബോംബുകള്‍ സ്ഥാപിച്ചും ബോട്ടുകളില്‍ അയച്ചുമാണ് ഹൂതികള്‍ ആക്രമണം നടത്തുന്ന രീതി. ഇന്നുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണം നടന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എണ്ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി.