മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ തുടക്കമാവും. സാധരാണ ഗതില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞുകവിയുന്ന പുണ്യനഗരിയില്‍ ഇക്കുറി ഏതാനും ആയിരങ്ങള്‍ മാത്രം. കോവിഡിന്റെ പശ്ചാത്തലത്തില്‍ 10,000 തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് ഇക്കുറി ഹജ്ജിനു അവസരം ലഭിച്ചത്.
തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. അല്ലാഹുവിന്റെ അതിഥികളെ വരവേല്‍ക്കാന്‍ മക്കയും പരിസരങ്ങളുമെല്ലാം പൂര്‍ണസജ്ജമായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ മക്കയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്ഥാടകര്‍ നാളെ മിനയിലേക്ക് പുറപ്പെടും. അതിനു മുമ്പായി മീക്കാത്തില്‍ പോയി ഇഹ്റാം ചെയ്യും.
സാധാരണയായി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇഹ്റാം ചെയ്യാന്‍ അഞ്ചു മീക്കാത്തുകളാണുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് എല്ലാവരും ഒരു മീക്കാത്തില്‍ നിന്ന് ഇഹ്റാം ചെയ്യുന്നത്. 160 രാജ്യങ്ങളിലെ തീര്‍ത്ഥാടകരാണ് ഒറ്റ മീക്കാത്തില്‍ നിന്ന് ഇഹ്റാം കെട്ടുക.
മിനായിലേക്കും ഹറമിലേക്കു ഹാജിമാര്‍ക്ക് താമസിക്കാനുള്ള ടണലുകളും വഴികളും സൗദി ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ പൂര്‍ണമായും അണുവിമുക്തമാക്കി. അറഫാദിനം കഴിഞ്ഞ് കഅബയ്ക്കരികിലേക്ക് ഹാജിമാര്‍ തവാഫിനെത്തും. ഇതുകഴിഞ്ഞാണ് മിനായിലേക്ക് മടങ്ങേണ്ടത്.