ജിദ്ദ: മലയാളികള്‍ താരതമ്യേന കുറവായ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയിലെ ഒന്നര വര്‍ഷത്തെ സേവനത്തിനു ശേഷം സൗദി അറേബ്യയിലെത്തിയ ഹംന മറിയത്തിന് ഇവിടത്തെ മലയാളി ബാഹുല്യം കണ്ട് അതിശയം. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കൊമേഴ്സ്യല്‍-പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ വിഭാഗം കോണ്‍സലായി ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിന് ചുതമലയേറ്റ ഹംന മറിയമാണ് മലയാളികള്‍ ധാരാളമുള്ള പ്രദേശത്ത് ജോലി ലഭിച്ചതിന്റെ ആഹ്ലാദവും അതിശയവും പ്രകടിപ്പിച്ചത്.
ഇന്ത്യന്‍ കമ്യൂണിറ്റിയുടെ വിവിധ പ്രശ്നങ്ങളുമായി ഇടപഴകാനും അവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും തയാറാവുകയെന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് അവര്‍ പറഞ്ഞു. പുതിയ സ്ഥലത്തെ പുതിയ നിയമനം എന്ന നിലയ്ക്ക് ഇവിടത്തെ പ്രശ്നങ്ങള്‍ സാവകാശം പഠിച്ചുവരുന്നേയുള്ളൂ. കഴിഞ്ഞയാഴ്ച ഉംറ നിര്‍വഹിച്ചതും ജിദ്ദാ ജീവിതത്തിന്റെ ആരംഭത്തില്‍ ആത്മസാഫല്യത്തിന്റെ പുതിയ അനുഭവമായിത്തീര്‍ന്നുവെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹംന മറിയം പറഞ്ഞു.
തുനീഷ്യയിലും ബ്രൂണെയിലും ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന നഗ്മാ മാലിക്കിനു ശേഷം ഐഎഫ്എസ് നേടിയ രണ്ടാമത്തെ മലയാളി മുസ്ലിം വനിതയാണ് ഹംന.
സിവില്‍ സര്‍വീസില്‍ താല്‍പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് താല്‍പര്യമുണ്ടെന്ന് കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിലെ ആറാം ക്ലാസ് മുതല്‍ ഡല്‍ഹി രാംജാസ് കോളേജിലെ പി.ജി കാലം വരെയുള്ള വിദ്യാര്‍ഥി ജീവിതത്തിലുടനീളം ക്വിസ് മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്ന ഹംന പറഞ്ഞു. ഫാറൂഖ് കോളേജില്‍ അധ്യാപികയായിരുന്ന കാലത്തും തനിക്ക് സിവില്‍ സര്‍വീസ് പഠനത്തിലും ഒപ്പം പരിശീലനത്തിലും അതീവ താല്‍പര്യമായിരുന്നുവെന്ന് 2017 ലെ അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഇരുപത്തെട്ടാം റാങ്കുകാരിയായ ഹംനാ മറിയം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെയാകണം, അധ്യാപനത്തില്‍ നിന്ന് നയതന്ത്രജ്ഞയായി ഉയര്‍ന്നപ്പോഴും പഴയ ആ ടീച്ചര്‍ തന്റെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല.
കോഴിക്കോട്ടെ പ്രമുഖ ശിശുരോഗവിദ്ഗധന്‍ കൊയിലാണ്ടി സ്വദേശി ഡോ. ടി പി അഷ്റഫിന്റെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിയോളജിസ്റ്റ് മലപ്പുറം പുളിക്കല്‍ സ്വദേശി ഡോ. പി വി ജൗഹറയുടെയും മകളാണ് ഹംന. ഭര്‍ത്താവ് തെലങ്കാന കാഡറിലെ ഐഎഎസുകാരനും ഹൈദരാബാദിലെ മുന്‍ പോലീസ് മേധാവി എ കെ ഖാന്റെ മകനുമായ മുസമ്മില്‍ ഖാനാണ്. സിദ്ധിപ്പേട്ടില്‍ അസിസ്റ്റന്റ് കലക്ടറാണ് മുസമ്മില്‍ ഖാന്‍.