മക്ക: രണ്ട് ദിവസമായി തുടരുന്ന പെരുമഴ സൗദി അറേബ്യയില്‍ ജനജീവിതം താറുമാറാക്കി. വെള്ളിയാഴ്ചയും ശനിയാഴ്ച്ചയും മക്ക പ്രവിശ്യയിലുണ്ടായ കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. ഏതാനും പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി ഖുന്‍ഫുദക്ക് കിഴക്ക് വാദി ശസഇലാണ് സൗദി പൗരന്‍ ഒഴുക്കില്‍ പെട്ട് മരിച്ചതെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. മൃതദേഹം അപകട സ്ഥലത്തു നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെയാണ് കണ്ടെത്തിയത്. ഇതേ താഴ്വരയില്‍ ഒഴുക്കില്‍ പെട്ട മറ്റൊരു കാറിന്റെ ഡ്രൈവറായ സൗദി പൗരന്‍ രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കിനിടെ താഴ്വരയില്‍ കാര്‍ തങ്ങിനിന്നതാണ് സൗദി പൗരന്റെ ജീവന്‍ രക്ഷിച്ചത്.
മക്ക, ഖുന്‍ഫുദ, അര്‍ദിയാത്ത്, മൈസാന്‍, ലൈത്ത്, അദം, ബഹ്റ, ജുമൂം, റനിയ, തായിഫ് എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്തത്. ലൈത്തിന് കിഴക്ക് 30 കിലോമീറ്റര്‍ ദൂരെ അല്‍റതിയാത് വാദിയില്‍ ഒഴുക്കില്‍പെട്ട കാറില്‍ കുടുങ്ങിയ സൗദി പൗരനെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ഓള്‍ഡ് ജിദ്ദ-മക്ക റോഡില്‍ പ്രളയത്തില്‍ പെട്ട ദമ്പതികളെയും മക്കയില്‍ മറ്റൊരു കുടുംബത്തെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ലൈത്തില്‍ ഇക്രിമ സ്ട്രീറ്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടികള്‍ അടക്കമുള്ള ആറംഗ കുടുംബത്തെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ സിവില്‍ ഡിഫന്‍സ് അധികൃര്‍ രക്ഷപ്പെടുത്തിയതായും കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു.
അടുത്ത രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. സൗദിയുടെ വടക്ക്, തെക്കുപടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി രാജ്യത്ത് തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലുമായി 30ലേറെ പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു.