റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യ അഞ്ചു പേര്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍, കൊലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന രണ്ടു പ്രമുഖരെ കുറ്റവിമുക്തരാക്കിയതായും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചതായി പ്രോസിക്യൂട്ടറുടെ പ്രസ്താവനയില്‍ പറയുന്നു.
2018 ഒക്ടോബറില്‍ വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ഖഷഗ്ജിയെ ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡപ്യൂട്ടി ഇന്റലിജന്‍സ് ചീഫ് അഹ്മദ് അല്‍ അസീരി മേല്‍ നോട്ടം വഹിച്ചതായും റോയല്‍ കോര്‍ട്ടിലെ മീഡിയ വിഭാഗത്തില്‍പ്പെട്ട സൗദ് അല്‍ ഖഹ്ത്താനി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതായും സൗദി പ്രോസിക്യൂട്ടര്‍മാര്‍ നേരത്തേ പറഞ്ഞിരുന്നു.
എന്നാല്‍, ഖഹ്ത്താനിക്കും അസീരിക്കുമെതിരേ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടതായാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.
സൗദി ഭരണകൂടത്തെ വിമര്‍ശിച്ചെഴുതിയിരുന്ന ഖഷഗ്ജിയുടെ കൊലപാതകത്തിന് പിന്നില്‍ ഉന്നത തല ഗൂഡാലോചന നടന്നതായാണ് ആരോപിക്കപ്പെടുന്നത്.