കോവിഡ് 19: പ്രവാസികളെ സഹായിക്കാന്‍ സംവിധാനം ഒരുക്കണം: മലപ്പുറം ജില്ലാ കെഎംസിസി

ജിദ്ദ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപയിയെടുക്കണമെന്ന് ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി എക്‌സിക്യുട്ടീവ് യോഗം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പെടുന്നനെ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കിയ അനിശ്ചിത കാല കര്‍ഫ്യൂവും യാത്ര നിരോധനവും കാരണം പ്രയാസത്തിലായ പ്രവാസികളെ സഹായിക്കുവാനും ഇവരെ പുനരധിവസിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പാക്കേജില്‍ പ്രവാസികളെ ഉള്‍പ്പെടുത്തണമെന്നും ഓണ്‍ ലൈനില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പിഎംഎ. ഗഫൂര്‍ പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു, ചെയര്‍മാന്‍ ഹസന്‍ സിദ്ധീഖ് ബാബു ഉത്ഘാടനം ചെയ്തു.

തൊഴില്‍ സ്ഥാപനങ്ങളുമായുള്ള കരാറുകള്‍ അവസാനിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്ന് സൗദി മാനവ ശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഇന്ത്യന്‍ എംബസി മുഖേന എക്‌സിറ്റ് അടിച്ചതിനു ശേഷം നാട്ടില്‍ പോവാന്‍ പാറ്റാതെ കുടുങ്ങിയ പ്രവാസികളെ സര്‍ക്കാര്‍ ഇടപെട്ട് സഹായിക്കണം.

സൗദിയില്‍ യാത്ര നിരോധനം നില നില്‍ക്കേ സൗദിയില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരേയും പ്രത്യേക വിമാനം സൗകര്യപ്പെടുത്തി നാട്ടിലെത്തിക്കാന്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സാധിച്ചിട്ടുണ്ട്. അതോടൊപ്പം സൗദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും (നിയമ ലംഘകര്‍ക്ക് അടക്കം ) സൗജന്യ ചികിത്സ നല്‍കാനും നിരോധന സമയത്ത് കാലാവധി തീരുന്ന താമസ രേഖകള്‍ മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കുന്നതടക്കം പ്രവാസികള്‍ക്കു ഗുണകരമായ നിരവധി തീരുമാനങ്ങള്‍ എടുത്ത സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് മലപ്പുറം ജില്ലാ കെഎംസിസി നന്ദി പ്രകാശിപ്പിച്ചു.

വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ തൊഴില്‍ മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗള്‍ഫ് മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുയാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടുന്നതിനു ദുബായ് അടക്കമുള്ള രാജ്യങ്ങള്‍ സ്വകാര്യ മേഖലക്ക് അനുവദവും നല്‍കിയിട്ടുണ്ട് അത് കൊണ്ട് തന്നെ വരും മാസങ്ങളില്‍ തൊഴില്‍ നഷ്ടപെടുന്ന പ്രവാസികളുടെ എണ്ണം ഭീതിതമായി വര്‍ധിക്കുകയും ചെയ്യും. അവരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് പാക്കേജില്‍ പുനരധിവാസ പദ്ധതി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ഗള്‍ഫില്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക മുഖേന സാമ്പത്തിക സഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖേന സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. പ്രവാസികള്‍ മടങ്ങി വന്നതിനാലാണ് കേരളത്തില്‍ കോവിഡ് പടര്‍ന്നത് എന്ന തരത്തില്‍ പ്രവാസികളോടുള്ള തൊട്ടുകൂടായ്മ മനോഭാവത്തെ യോഗം അപലപിച്ചു.

മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കി വരുന്ന കുടുംബ സുരക്ഷാ പദ്ധതി ഓണ്‍ലൈന്‍ മുഖേന അംഗത്വ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മുഴുവന്‍ മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത്, ഏരിയ കമ്മിറ്റികളും കോര്‍ഡിനേറ്റര്‍മാരും ശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഭാരവാഹികളായ സീതി കൊളക്കാടന്‍, മജീദ് അരിമ്പ്ര, വി പി ഉനൈസ്, ഇല്‍യാസ് കല്ലിങ്ങല്‍, നാസര്‍ കാടാമ്പുഴ, അബ്ബാസ് വേങ്ങൂര്‍, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, സുല്‍ഫീക്കര്‍ ഒതായി, വി വി അഷ്‌റഫ്, അബ്ദുല്‍ ഗഫൂര്‍ വടക്കാങ്ങര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ ടി ജൂനൈസ് നന്ദിയും പറഞ്ഞു.