Wednesday, November 30, 2022
HomeNewsKeralaശൈലജ ടീച്ചർക്ക് കേളിയുടെ അഭിനന്ദനം

ശൈലജ ടീച്ചർക്ക് കേളിയുടെ അഭിനന്ദനം

റിയാദ്:  അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020 ലെ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ റിയാദ് കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു. ആംഗലെ മെര്‍ക്കല്‍, കമലാ ഹാരിസ്, ജസിന്‍ഡ ആര്‍ഡേണ്‍, സ്റ്റേസി അംബ്രോസ് തുടങ്ങിയ ലോകത്തിലെ അറിയപ്പെടുന്ന പന്ത്രണ്ടുപേരിൽ ഒരാളായാണ് ശൈലജ ടീച്ചറും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തങ്ങൾ പ്രതിനിധീകരിക്കുന്ന ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ധീരവും പ്രായോഗികവുമായ നടപടികൾ എടുത്ത വനിതകളെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കുന്ന ചടങ്ങിൽ ഐക്യ രാഷ്ട്ര സഭ ശൈലജ ടീച്ചറേയും ആദരിച്ചിരുന്നു. ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അമ്പത് വ്യക്തികളിൽ ഒന്നാമതായി  പ്രോസ്‌പെക്ട് മാഗസിന്റെ പട്ടികയിലും ശൈലജ ടീച്ചർ ഒന്നാമത് എത്തിയിരുന്നു. ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യ ‘വുമണ്‍ ഓഫ് ദ ഇയര്‍’ ആയും ശൈലജ ടീച്ചറെ ആദരിച്ചിരുന്നു. കൂടാതെ ഗാർഡിയൻ പത്രവും ടീച്ചറുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ നേതൃത്വത്തെ കുറിച്ച് പ്രത്യേക ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ആരോഗ്യമേഖലയുടെ സമഗ്ര വികസനവും ആധുനീകരണവും ലക്ഷ്യമാക്കി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ ചെയ്യന്ന എല്ലാ പ്രവർത്തനങ്ങളും ലക്ഷ്യപ്രാപ്തിയിൽ എത്തട്ടേയെന്ന്  കേളി സെക്രട്ടറിയറ്റിന്റെ അഭിനന്ദനക്കുറിപ്പിൽ ആശംസിച്ചു.

Most Popular