റിയാദ്: പരിസ്ഥിതി മലിനീകരണവും കാലാവസ്ഥ വെല്ലുവിളികളും നേരിടാന്‍ ‘പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥ’ നിര്‍ദേശിച്ച് ജി20 ദ്വിദിന ഉച്ചകോടിയില്‍ സല്മാന് രാജാവ്. മലിനീകരണം നിയന്ത്രിക്കാനും കാലാവസ്ഥ വെല്ലുവിളികളുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ഊര്‍ജ സ്രോതസ്സുകള്‍ വൃത്തിയും സുസ്ഥിരവുമാക്കി സൂക്ഷിക്കാനും ഊര്‍ജ വിപണിയുടെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാനും ‘പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥ’ രൂപപ്പെടുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷനായ സൗദി ഭരണാധികാരി വ്യക്തമാക്കി. ഉച്ചകോടിയുടെ രണ്ടാംദിന സമ്മേളനത്തില്‍ പ്രതിനിധികളെ സ്വാഗതം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു രാജാവ്.
പുറന്തള്ളുന്ന കാര്‍ബണിന്റെ ദൂഷ്യം കുറച്ച് മറ്റൊരു അസംസ്കൃത വസ്തുവാക്കി പരിവര്‍ത്തിപ്പിക്കുന്ന സമ്പദ് വ്യവസ്ഥയെ കുറിച്ചാണ് വിശദീകരിച്ചത്. പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളില്‍നിന്ന് കരകയറുമ്പോള്‍ മനുഷ്യ ശാക്തീകരണത്തിലൂടെ സമഗ്രവും സന്തുലിതവും സുസ്ഥിരവും ശക്തവുമായ സമ്പദ് വ്യവസ്ഥ ഉറപ്പാക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. സാമ്പത്തിക വളര്‍ച്ചയില്‍ പുറന്തള്ളുന്ന മലിനീകരണത്തിന്റെ ദൂഷ്യം മനസ്സിലാക്കി അതിനെ നേരിടാനാവണം. കാലാവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കണം. ഇതിന് സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ മാര്‍ഗം അവലംബിക്കണം. ഈ കാഴ്ചപ്പാടിലൂന്നിയാണ് സൗദി അറേബ്യ പരിവര്‍ത്തിത കാര്‍ബണ്‍ അധിഷ്ഠിത സമ്ബദ് വ്യവസ്ഥയുടെ ചട്ടക്കൂടിനെ അവതരിപ്പിക്കുന്നതെന്നും സല്മാന് രാജാവ് പറഞ്ഞു.
21ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ എല്ലാവര്ക്കും പ്രയോജനപ്പെടുത്താന്‍ ആവശ്യമായ പുതിയ ചക്രവാളങ്ങള്‍ രൂപപ്പെടുത്തണം. ഭൂമിയെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തങ്ങളോടൊപ്പം കൈകോര്‍ക്കാന്‍ മറ്റു രാജ്യങ്ങളെ ക്ഷണിക്കുകയാണെന്നും രാജാവ് പറഞ്ഞു. കാര്‍ബണ്‍ വികിരണം കുറച്ചുള്ള ഊര്‍ജ പര്യാപ്തതക്ക് വേണ്ടി 2012ല്‍ ദേശീയ പദ്ധതി സൗദി അറേബ്യ ആരംഭിച്ചിട്ടുണ്ട്. കാര്‍ബണ്‍ പിടിച്ചെടുക്കാനും അത് വിലയുള്ള അസംസ്കൃത വസ്തുവാക്കി മാറ്റാനും സൗദിക്ക് നിരവധി സംരംഭങ്ങളുണ്ട്.
കാര്‍ബണ്‍ഡൈ ഓക്സൈഡ് ശുദ്ധീകരിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭം സൗദിയിലുണ്ട്. പ്രതിവര്‍ഷം അഞ്ച് ലക്ഷം ടണ്‍ എന്ന തോതില്‍ ഉല്പാദന ശേഷിയുള്ള സ്ഥാപനം ‘സാബിക്’ ആണ് ആരംഭിച്ചത്. പ്രതിവര്‍ഷം വ്യവസായ പദ്ധതികള്‍ പുറന്തള്ളുന്ന എട്ട് ലക്ഷം ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് എണ്ണ ഉല്പന്നമാക്കി മാറ്റുന്ന പദ്ധതി സൗദി ആരാംകോക്ക് കീഴിലുണ്ട്. നിയോമില്‍ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും സല്മാന് രാജാവ് പറഞ്ഞു. പ്രകൃതിയിലെ കാര്‍ബണ്‍ ക്രമീകരിക്കുന്നതിന് രാജ്യത്തിന് പ്രധാന പങ്കുണ്ടെന്ന് മനസ്സിലാക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി 2040 ആകുമേ്ബാഴേക്കും പരിസ്ഥിതി നാശം നേരിടുന്ന ഒരു ശതകോടി ഹെക്ടര്‍ ഭൂമിയെ വീണ്ടെടുക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും.
2030ഓടെ രാജ്യത്ത് വൈദ്യുതി ഉല്പാദിപ്പിക്കാന് ഉപയോഗിക്കുന്ന ഊര്‍ജസ്രോതസ്സുകളില്‍ 50 ശതമാനവും കാറ്റും സൗരോര്‍ജവുമായി മാറും. ഈ വിഷയത്തില്‍ ഓരോ അതിഥികളുടെയും സംരംഭങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് കേള്‍ക്കാന്‍ അതിയായ താല്പര്യമുണ്ടെന്ന് പറഞ്ഞാണ് സല്മാന് രാജാവ് പ്രസംഗം അവസാനിപ്പിച്ചത്.