ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട്; പ്രവാസി മലയാളിക്കെതിരേ കേസ്, കുടുക്കിയതെന്ന് യുവാവ്

saudi currency

ദമ്മാം: ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളിക്കെതിരെ സൗദിയില്‍ കേസ്. മക്കയില്‍ ഹറമിന് സമീപം ബ്രോസ്റ്റഡ് കടയില്‍ ജീവനക്കാരനായ കോഴിക്കോട്, കൊടുവള്ളി സ്വദേശി ആഷിഖ് മുഹമ്മദിനെതിരെയാണ് ദമ്മാം പോലിസ് കേസെടുത്തത്.

തുച്ഛവരുമാനക്കാരനായ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് റിയാലിന്റെ ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. തന്റെ ഇക്കാമ നമ്പര്‍ ഉപയോഗിച്ച് ആരോ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണെന്നാണ് യുവാവ് ആരോപിക്കുന്നതെന്ന് ഗള്‍ഫ് മാധ്യമം റിപോര്‍ട്ട് ചെയ്തു.

സുഖമില്ലാത്ത ഉമ്മയെ കാണാന്‍ നാട്ടില്‍ പോകാന്‍ തയാറെടുക്കുമ്പോഴാണ് ഭീമമായ സംഖ്യകള്‍ അയച്ചതിന്റെ പേരില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി അറിയുന്നത്. ദമ്മാമിലെ ഷിമാലിയ സ്‌റ്റേഷനാണ് കേസ്. അവിടെ ഹാജരാകാന്‍ സ്‌പോണ്‍സര്‍ യുവാവിനോട് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ജിദ്ദയിലെ കെഎംസിസി പ്രവര്‍ത്തകര്‍ ദമ്മാമിലെ നന്മ അദാലത്തിന്റെ സംഘാടകരായ ഹമീദ് വടകരയുടേയും ഷാജി മതിലകത്തിന്റെയും സഹായം തേടുകയായിരുന്നു.

സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് അലിന്മ ബാങ്കില്‍ ആഷിഖിന്റെ ഇഖാമ നമ്പരില്‍ എടുത്തിട്ടുള്ള അക്കൗണ്ട് വഴി ലക്ഷക്കണക്കിന് റിയാല്‍ ഇടപാട് നടത്തിയതായി കണ്ടെത്തിയത്. എന്നാല്‍ നാഷനല്‍ കോമേഴ്‌സ് ബാങ്കിന്റെ (എന്‍.സി.ബി) ക്യൂക് പേ അക്കൗണ്ട് അല്ലാതെ മറ്റൊരു ബാങ്കിലും തനിക്ക് അക്കൗണ്ട് ഇല്ലെന്ന് യുവാവ് പോലിസിനോട് പറഞ്ഞു.

ഷാജി മതിലകത്തിന്റെ ജാമ്യത്തില്‍ താല്‍ക്കാലികമായി കേസ് ഒഴിവാക്കിയിരിക്കുകയാണ്. നാട്ടില്‍ പോകാന്‍ വീണ്ടും റീ എന്‍ട്രി വിസ അടിക്കാന്‍ ശ്രമിക്കുമ്പോള്‍ ദമ്മാം റെയില്‍വേ പോലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസ് കൂടി ഉണ്ടെന്ന് കണ്ടെത്തി. അവിടെയെത്തിയപ്പോള്‍ ഇതേ ഇഖാമ നമ്പരില്‍ മറ്റൊരു അക്കൗണ്ട് വഴി പണം അയച്ചതായാണ് കേസ്. കൂടുതല്‍ അന്വേഷണത്തില്‍ അവിടെ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ആഷിഖിന്റെ പേരിലുള്ളതല്ലെന്ന് കണ്ടെത്തി.

ആഷിഖിന്റെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണ്ടി വരും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നാട്ടില്‍ പോയി രോഗിയായ ഉമ്മയെ കണ്ട് മടങ്ങിവരാന്‍ താല്‍ക്കാലികമായി യാത്രാവിലക്ക് നീക്കി കൊടുത്തു. ഇഖാമയുടെ പകര്‍പ്പ് മറ്റൊരോ ദുരുപയോഗം ചെയ്തതാണന്നാണ് സംശയിക്കുന്നത്. ഫോണ്‍ കണക്ഷനും മറ്റും ഇഖാമ പകര്‍പ്പ് നല്‍കുന്നത് ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായാണ് സൂചന.