കൊണ്ടോട്ടി: 2 മാസത്തിലേറെയായി നേപ്പാളില്‍ കുടുങ്ങിയവരില്‍ മുപ്പതോളം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഇന്നലെ സൗദി അറേബ്യയിലെത്തി. ഏപ്രില്‍ 28നു മുന്‍പു നേപ്പാളില്‍ എത്തിയവര്‍ക്കു സൗദി യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നെങ്കിലും കോവിഡ് പോസിറ്റീവ് ആയും വിമാനം ലഭിക്കാതെയും പലരും നേപ്പാളില്‍ കുടുങ്ങുകയായിരുന്നു.
ഇവരുടെ ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് ജനപ്രതിനിധികളായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, നിയുക്ത എംപി അബ്ദുസ്സമദ് സമദാനി, എംഎല്‍എമാരായ ടി വി ഇബ്രാഹിം, നജീബ് കാന്തപുരം തുടങ്ങിയവര്‍ കേന്ദ്രമന്ത്രിമാര്‍, എംബസി അധികൃതര്‍, മുഖ്യമന്ത്രി എന്നിവരുമായി ബന്ധപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ നിരവധി മലപ്പുറം സ്വദേശികളുണ്ടായിരുന്നു.
പ്രവാസികളുടെ കാത്തിരിപ്പിനു വിരാമമിട്ട്, ഇന്ത്യന്‍ എംബസി അധികൃതരുടെ സഹായവും തുടര്‍ന്ന് യാത്രാ അനുമതിയും ലഭിച്ചു. നേപ്പാളില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ ദോഹയിലെത്തിയ യാത്രക്കാര്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ വൈകിട്ടു റിയാദിലെത്തി. ദമാം, റിയാദ്, ജിദ്ദ, അബഹ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് കൂടുതല്‍ പേരും. അവര്‍ ഇന്നലെ മുതല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഒരാഴ്ചയ്ക്കു ശേഷം ജോലി സ്ഥലത്ത് എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രയ്ക്ക് വേണ്ടി മൂന്നു ലക്ഷം രൂപയോളമാണു ചെലവായതെന്നു സൗദിയില്‍ തിരിച്ചെത്തിയ മലയാളികള്‍ പറഞ്ഞു. നേപ്പാളിലെ ജനങ്ങളില്‍നിന്നു നല്ല സ്‌നേഹവും മികച്ച സേവനവും ലഭിച്ചതായും അവര്‍ വ്യക്തമാക്കി.
ALSO WATCH