ജിസാൻ: സൗദിയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ മലയാളിയായ പ്രവാസി യുവാവ് മരിച്ചു. പട്ടാമ്പി മരുതൂർ പൂവക്കോട് പടിഞ്ഞാറകത്ത് മുർതള(28)യാണ് മരിച്ചത്.ഒരാഴ്ചയായി ജിസാനിലെ കിങ് ഫഹദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. പിതാവ് മുഹിയുദ്ദീൻ പാലപ്പെട്ടിക്കൊപ്പം ജോലി ചെയ്യുന്നതിനിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. വീഴ്ചയിൽ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയത്.
ഇതിനിടയിൽ തലക്ക് ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇവിടെ സംസ്കരിക്കുമെന്ന് പിതാവ് അറിയിച്ചു. താമസ രേഖയിലെ നിയമ പ്രശ്നങ്ങൾ കാരണം പിതാവ് നാട്ടിൽ നിന്നെത്തിയിട്ട് നാലര വർഷം കഴിഞ്ഞു. ഉപ്പയുടെ രേഖകൾ ശരിയായതിന് ശേഷം ഒന്നിച്ച് നാട്ടിൽ പോകാനിരുന്നതാണു മകൻ. അതിനിടയിലാണ് ദാരുണമായ സംഭവം. മുർതള അവസാനമായി നാട്ടിൽ പോയത് രണ്ടുവർഷം മുമ്പാണ്. എഴുവർഷമായി ജിസനിലുണ്ട്.മാതാവ്: ഫാത്തിമ, ഭാര്യ: സഫീദ, മകൾ:മുജ്തബ.