Friday, October 22, 2021
HomeNewsInternationalഖഷഗ്ജിയെ കൊന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് പ്രകാരമെന്ന് യുഎസ് അന്വേഷണ റിപോര്‍ട്ട്

ഖഷഗ്ജിയെ കൊന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് പ്രകാരമെന്ന് യുഎസ് അന്വേഷണ റിപോര്‍ട്ട്

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകനും ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജിയെ വധിക്കാന്‍ കൊലയാളി സംഘത്തെ അയച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അംഗീകാരത്തോടെയാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. 2018ലെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് പ്രധാന പങ്കുണ്ടെന്ന് വെള്ളിയാഴ്ച്ച പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കിയിലെ ഇസ്തംബൂള്‍ കോണ്‍സുലേറ്റില്‍ ഖഷഗ്ജിയെ പിടികൂടുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നതിന് മുഹമ്മദ് രാജകുമാരന്‍ അംഗീകാരം നല്‍കിയതായാണ് മനസ്സിലാവുന്നതെന്ന് യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഓഫിസ് വ്യക്തമാക്കി. 2017 മുതല്‍ സൗദിയിലെ സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ കിരീടാവകാശിയുടെ നിയന്ത്രണത്തിലാണ്. അതു കൊണ്ട് തന്നെ ഇത്തരത്തിലൊരു ഓപറേഷന്‍ അദ്ദേഹത്തിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ നടക്കില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

വാഷിങ്ടണ്‍ പോസ്റ്റില്‍ കോളമിസ്റ്റായിരുന്ന 59 വയസ്സുള്ള ഖഷഗ്ജി സൗദി സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്നു. 2018 ഒക്ടോബറില്‍ ഇസ്തംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. എന്നാല്‍, സംഭവത്തില്‍ സൗദി കിരീടാവകാശിക്ക് ഒരു പങ്കുമില്ലെന്നാണ് സൗദി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

റിപോര്‍ട്ട് പൂര്‍ണമായും തള്ളിക്കളഞ്ഞ് സൗദി
യുഎസ് റിപോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുന്നതായി സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. രാജ്യത്തെ ഭരണാധികാരികളെ കുറിച്ച് തെറ്റായ വിവരങ്ങളാണ് റിപോര്‍ട്ടിലുള്ളതെന്നും പ്രസ്താവനയില്‍ പറയുന്നു. യുഎഇയും സൗദി നിലപാടിനെ അനുകൂലിച്ചു. ഇതുമായി ബന്ധപ്പെട്ട് സൗദി ജുഡീഷ്യറിയുടെ നിലപാട് സുതാര്യവും പക്ഷപാതിത്വമില്ലാത്തതുമാണെന്ന് യുഎഇ പ്രസ്താവിച്ചു.

ഖഷഗ്ജിയുടേത് ഹീനമായ കൊലപാതകമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു. കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് സുതാര്യമായ അന്വേഷണം നടത്തുകയും സംഭവത്തില്‍ പങ്കെടുത്ത 20 സൗദികള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

Most Popular