പൗരാണിക അറബി ലിഖിതങ്ങളുടെ ആദ്യത്തെ പുരാവസ്​തുകേന്ദ്രമായി നിയോം പര്‍വതനിരയിലെ ശിലാലിഖിതങ്ങള്‍

noem

യാംബു: സൗദി അറേബ്യയുടെ ‘Neom City ‘മേഖലയിലുള്ള പര്‍വതനിരയിലെ ശിലാലിഖിതങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. വടക്കന്‍ സൗദിയിലെ തബൂക്ക് നഗരത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ‘ബജ്ദ’ പര്‍വതനിരയിലെ ‘ഹസ്മ’ കുന്നിലാണ് അപൂര്‍വ ശിലാ ലിഖിതങ്ങളുള്ള പാറകളുള്ളത്. പൗരാണിക അറബി ലിഖിതങ്ങളുടെ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ ആദ്യത്തെ പുരാവസ്തുകേന്ദ്രമാണിത്. ശിലായുഗത്തെ ലിഖിതങ്ങളും പുരാതന ഇസ്‌ലാമിക വാസ്തു ശില്‍പകലകളും അറബ് ഭാഷയുടെ പൗരാണിക ലിഖിത രീതികളുടെയും നാള്‍വഴികളും ചരിത്രാന്വേഷകര്‍ക്ക് ഇവിടെനിന്ന് പകര്‍ന്നുകിട്ടും. ശിലായുഗത്തിലേതെന്ന് തോന്നുന്ന എഴുത്തുരൂപങ്ങളാണ് പാറകളില്‍ കൊത്തിവെച്ചവയില്‍ ഏറെയും. പൗരാണിക സംസ്‌കാരവും നാഗരികതയും മനസ്സിലാക്കാന്‍ വഴിയൊരുക്കുന്ന ലിഖിതശേഖരങ്ങള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്ന കാഴ്ചാനുഭവം വേറിട്ടതാണ്. ചരിത്രത്തിന്റെ ഒരു തുറന്ന മ്യൂസിയംപോലെയാണ് സന്ദര്‍ശകര്‍ക്ക് ഇവിടം അനുഭവപ്പെടുക.

പാറകളില്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍ പിന്നീട് രൂപമാറ്റം വന്നുവെന്നും ‘നബാതിയന്‍’ ഭാഷക്ക് സമാനമായ എഴുത്തുരീതിയാണിതെന്നും ഗവേഷകര്‍ പറയുന്നു. ബജ്ദ പര്‍വതനിരകള്‍ അറേബ്യന്‍ നാഗരികതയുടെ നാള്‍വഴികള്‍ പകര്‍ന്നുനല്‍കുന്നതാണ്. ഇവിടത്തെ പ്രകൃതിയുടെ കാഴ്ചഭംഗിയും സന്ദര്‍ശകരെ ആവോളം ആകര്‍ഷിക്കും. ചാരുതയേറിയ കുന്നിന്‍പ്രദേശങ്ങളും മണല്‍ക്കാഴ്ചകളും ആയിരക്കണക്കിന് പാറക്കെട്ടുകളും നിറഞ്ഞുനില്‍ക്കുന്ന പ്രദേശം വാഹനത്തിലൂടെ ചുറ്റിക്കറങ്ങി ആസ്വദിക്കാന്‍ കഴിയുന്ന ബൃഹത്തായ പദ്ധതികളാണ് അധികൃതര്‍ ഇവിടെ ആസൂത്രണം ചെയ്യുന്നത്. 10.230 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള സ്വപ്നനഗരപ്രദേശങ്ങള്‍ ആഗോള വൈദഗ്ധ്യം ഉപയോഗിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്നവിധത്തില്‍ പൂര്‍ത്തിയാക്കിവരുകയാണ്. സൗദിയിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ അബ്ദുല്‍ ഇലാഹ് അല്‍ഫാരിസ് ഈ ശിലാലിഖിതങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ചരിത്രഗവേഷകര്‍ക്ക് ഏറെ അറിവ് പകര്‍ന്നുനല്‍കുന്നതാണ് ഈ ശിലാലിഖിതങ്ങളെന്ന് അല്‍ഫാരിസ് പറയുന്നു.