Friday, January 28, 2022
HomeNewsfeedനൊമ്പരമായി പി എം നജീബിന്റെ മരണക്കിടക്കയിലെ സന്ദേശം

നൊമ്പരമായി പി എം നജീബിന്റെ മരണക്കിടക്കയിലെ സന്ദേശം

  • ഷക്കീബ് കൊളക്കാടന്‍

ഇന്നലെ രാത്രി കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ കോവിഡ് ചികിത്സക്കിടെ മരണപ്പെട്ട ഒഐസിസി സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവായിരുന്ന പി എം സാദിരിക്കോയയുടെ മകനുമായ പി എം നജീബ് അവസാന നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളായി.

എല്ലാമുണ്ടായിട്ടും പ്രാണവായു കിട്ടാതെ വന്നാല്‍ മനുഷ്യന്‍ എത്ര ദുര്‍ബലനായിത്തീരുമെന്ന് തന്റെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് അറുപത്തൊന്നുകാരനായ നജീബ്. കോവിഡിന്റെ രണ്ടാം വരവില്‍ ജാഗ്രതക്കുറവ് കാണിച്ച പൊതുജനവും മുന്നൊരുക്കങ്ങള്‍ക്ക് പിശുക്ക് കാണിച്ച സര്‍ക്കാരുമാണ് കാര്യങ്ങള്‍ കൈവിട്ടു പോയ അവസ്ഥയിലെത്തിച്ചതെന്ന് സൗദി അറേബ്യയിലെ കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറല്‍ സെക്രട്ടറിയും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി എം നിയാസിന്റെ സഹോദരനുമായ പി എം നജീബ് ഈ കുറിപ്പില്‍ പറയുന്നു.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി മണിക്കൂറുകള്‍ വരി നില്‍ക്കേണ്ടി വരുന്ന നമ്മുടെ നാട്ടിലെ സാധാരണക്കാരോട് ഐക്യപ്പെടാന്‍ ആഹ്വാനം ചെയ്യുന്ന കുറിപ്പില്‍ അനാവശ്യമായി കൂട്ടം കൂടുന്നവരെയും തന്റെ രോഗം മറച്ചു വെച്ച് കൊണ്ട് മറ്റുള്ളവര്‍ക്ക് രോഗം പരത്തുന്നവരെയും കുറ്റപ്പെടുത്തുന്നുണ്ട്. അതോടൊപ്പം പൗരന്റെ അവകാശമായ വാക്സിന് പണമീടാക്കി മരുന്ന് കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കൂട്ട് നില്‍ക്കുന്നവരെയും തങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ മാത്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ അശാസ്ത്രീയ പ്രതിരോധങ്ങളെയും കുറ്റപ്പെടുത്തുന്ന നജീബ് ഈ പുണ്യമാസത്തില്‍ താനടക്കമുള്ള കോവിഡ് രോഗികള്‍ക്ക് വേണ്ടി മനമുരുകി പ്രാര്‍ഥിക്കണമെന്ന അപേക്ഷയും സമര്‍പ്പിച്ചിരുന്നു. മഹാമാരിക്കാലത്ത് സൗദി അറേബ്യയില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തനിക്ക് തുണയാകുമെന്ന ശുഭാപ്തി വിശ്വാസവും കുറിപ്പില്‍പ്രകടിപ്പിക്കുന്നു.

ഇരുപത്തെട്ട് വര്‍ഷത്തോളമായി സൗദി അറേബ്യയിലുള്ള പി എം നജീബ് കുടുംബ സമേതം കിഴക്കന്‍ പ്രവിശ്യയില്‍ ദമ്മാമിലാണ് താമസം. മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ അദ്ദേഹം സഹോദരന്‍ പി എം നിയസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുകയുമായിരുന്നു നജീബ്. കഠിനമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം ഇന്ന് കാലത്ത് 7.30 ന് കോഴിക്കോട് കണ്ണാംപറമ്പ് മഖ്ബറയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സംസ്‌കരിച്ചു.

കോഴിക്കോട് പുതിയങ്ങാടി പാലക്കാട റോഡില്‍ സുലൈഖാസില്‍ താമസിക്കുന്ന പി എം നജീബിന്റെ ഭാര്യ സീനത്ത്. സാദ് നജീബ്, സന നജീബ് (സൈക്കോളജിസ്റ്റ്) എന്നിവര്‍ മക്കളും മുനവ്വര്‍ ഹുസൈന്‍ (ദമ്മാം) മരുമകനുമാണ്. പരേതനായ പി എം അബ്ദുല്‍ നാസര്‍, പി എം നിയാസ് (കെ പി സി സി ജനറല്‍ സെക്രെട്ടറി), ഷാജ്നാ (റിയാദ്) എന്നിവര്‍ സഹോദരങ്ങളാണ്.

റിയാദ് ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറത്തിലെ ഉദ്യോഗസ്ഥനും സാമൂഹ്യപ്രവര്‍ത്തകനുമായ ഇബ്രാഹിം സുബ്ഹാന്‍ സഹോദരീ ഭര്‍ത്താവാണ്. വലിയ സുഹൃത് വലയമുള്ള പി എം നജീബിന്റെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

 

Most Popular