റിയാദ്: കൊല്ലത്ത് മൺറോതുരുത്തിൽ നടന്ന സിപിഐ എം പ്രവർത്തകൻ മണിലാലിന്റെ (52) കൊലപാതകത്തിൽ റിയാദ് കേളി കലാസാംസ്‌കാരിക വേദി ശക്തമായ പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ശേഷമാണ് സംഘപരിവാർ പ്രവർത്തകരുടെ ആക്രമണത്തിൽ മണിലാൽ കൊല്ലപ്പെടുന്നത്. തികച്ചും സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്താണ് ഇത്തരം ഒരു കൊലപാതകം ഉണ്ടായത്. കേരളത്തിൽ കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് മണിലാൽ. കായംകുളത്തെ സിയാദ്, തിരുവോണനാളിൽ വെഞ്ഞാറന്മൂടിൽ മിഥിലാജ്, ഹഖ്, തൃശ്ശൂർ പുതുശ്ശേരിയിൽ സനൂപ് എന്നിവരാണ് കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ കൊല്ലപ്പെട്ട മറ്റു സിപിഎം പ്രവർത്തകർ. സിപിഐ എം പ്രവർത്തകരെ ഏകപക്ഷീയമായി ആക്രമിച്ച് വകവരുത്തുന്നതിലൂടെ കേരളത്തിൽ അരാജകത്വം പടർത്താനാണ് സംഘപരിവാർ-യുഡിഎഫ് ക്രിമിനൽ കൂട്ടുകെട്ടിന്റെ ശ്രമമെന്ന് കേളി സെക്രട്ടറിയറ്റിന്റെ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
ബിജെപി – കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്‌റ്റ് ചെയ്‌ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും കേളി ആവശ്യപ്പെട്ടു.