റിയാദില്‍ കോവിഡും ഹൃദയാഘാതവും മൂലം രണ്ട് മലയാളികള്‍ മരിച്ചു

saudi two malayali death

റിയാദ്: റിയാദില്‍ തിരുവനന്തപുരം, കൊല്ലം സ്വദേശികള്‍ മരിച്ചു. കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം നിലമേല്‍ വളയിടം സ്വദേശി ജാസ്മിന്‍ മന്‍സിലില്‍ മുഹമ്മദ് റഷീദ് (55) ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയില്‍ മരിച്ചത്. റിയാദിലെ ഒരു സ്വകാര്യ കമ്പനിയില്‍ 20 വര്‍ഷമായി ഡ്രൈവറായിരുന്നു.

സൗദിയില്‍ 30 വര്‍ഷമായി പ്രവാസിയാണ്. അസുഖ ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ലൈല ബീവി. മക്കള്‍: ജാസ്മിന്‍, ജസ്‌ന.

ഹൃദയാഘാതം മൂലമാണ് തിരുവനന്തപുരം സ്വദേശി മരിച്ചത്. പൂവാര്‍ പൊഴിയൂര്‍ സ്വദേശി കാവുവിള വീട്ടില്‍ ശഹാബുദ്ദീന്‍ നാഗൂര്‍ കണ്ണ് (60) ആണ് ബത്ഹയിലെ ശാര ദറക്തറിലുള്ള താമസസ്ഥലത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ മരിച്ചത്. ഓള്‍ഡ് സനാഇയ റോഡിലെ ട്രാസ് ഹോട്ടലില്‍ ജീവനക്കാരനായിരുന്നു.

നൂഹ് പാത്തുമ്മയാണ് മാതാവ്. ഭാര്യ: ആയിഷ ബീവി. മക്കള്‍: നിസാമുദ്ദീന്‍, അനീസ് ഫാത്വിമ, അനീസ്യ ഫാത്വിമ. അനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയും ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കലും രംഗത്തുണ്ട്.