റിയാദ്: സൗദിയില്‍ പ്രവാസി മലയാളി ഹൗസ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ചും തോക്ക് ചൂണ്ടിയും കവര്‍ച്ച. അബഹ ഖമീസ് മുശൈത്തില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന മലപ്പുറം പടാപ്പറമ്പ് സ്വദേശി ഉബൈദാണ് പിടിച്ചുപറിക്കിരയായത്. ഉബൈദിന്റെ വാഹനവും പണവും കവര്‍ച്ചാ സംഘം കൊണ്ടു പോയി.
ഓണ്‍ലൈനില്‍ മൊബൈല്‍ വില്‍പ്പനക്കുള്ള പരസ്യം കണ്ട് ബന്ധപ്പെട്ട് പോയതായിരുന്നു ഉബൈദ്. പരസ്യത്തില്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചതനുസരിച്ചാണ് ഖമീസ് മുശൈത് ഖാലിദിയയില്‍ എത്തിയത്. നിശ്ചിത സ്ഥലത്ത് രണ്ടുപേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മൊബൈല്‍ കയ്യില്‍ ഇല്ലെന്നും വീട്ടില്‍ ആണെന്നും അവിടേക്ക് പോകണമെന്നും ഇവര്‍ പറഞ്ഞു.
വീടുള്ള സ്ഥലത്തെത്തിയപ്പോള്‍ ഒരാള്‍ വീട്ടില്‍ പോയി തിരിച്ചെത്തി മാതാവ് ദേഷ്യത്തിലാണെന്നും പണം ആദ്യം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം മൊബൈല്‍ കാണണമെന്നും അല്ലാതെ പണം നല്‍കില്ലെന്നും പറഞ്ഞതോടെ പിറകില്‍ നിന്ന് ഒരാള്‍ കഴുത്തില്‍ കത്തിവെക്കുകയും പണം എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. അതിനിടെ രണ്ടാമനും കത്തി കാണിക്കുകയും തോക്ക് പുറത്തെടുക്കുകയും ചെയ്തു.
സംഘത്തിലെ ഒരാള്‍ ഉബൈദ് ഫുട്‌ബോള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന ബൂട്ടുകളും ജെഴ്സിയും അടങ്ങിയ കവര്‍ പരിശോധിക്കാനായി നീങ്ങി. ഈ സമയം രണ്ടാമന്റെ കൈ പിരിച്ച് ഉബൈദ് കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ സംഘം കാറുമായി കടന്നു കളഞ്ഞു. പണവും മൊബൈല്‍ പവര്‍ ബാങ്ക് എന്നിവയും നഷ്ടപ്പെട്ടു. കഴുത്തില്‍ കത്തികൊണ്ടുള്ള നേര്‍ത്ത അടയാളം ഉണ്ടായിട്ടുണ്ട്. അക്രമികളുടെ കൈയ്യില്‍ നിന്നും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഉബൈദ്. ഖമീസ് മുശൈത് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.