ജിദ്ദ: റഷ്യയും ഇസ്ലാമിക രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ നീക്കം. ഇതിനു വേണ്ടിയുള്ള പ്രത്യേക സമ്മേളനം ജിദ്ദയില്‍ ചേര്‍ന്നു. റഷ്യയിലെ വിവിധ മത പുരോഹിതരും ഇസ്ലാമിക രാജ്യങ്ങളിലെ പണ്ഡിതരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. വിവിധ മതങ്ങളും രാജ്യങ്ങളും തമ്മിലുള്ള സംവാദവും സൗഹൃദവും ശക്തമാക്കുകയാണ് ലക്ഷ്യം.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്ക് കീഴിലുള്ള ഗ്രൂപ്പ് ഓഫ് സ്ട്രാറ്റജിക് വിഷന്‍ ആണ് സമ്മേളനം സംഘടിപ്പിച്ചത്. സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തിലുള്ള സമ്മേളനത്തിലേക്ക് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ അതിഥികളെ സ്വീകരിച്ചു. സംവാദവും സഹകരണത്തിനുള്ള സാധ്യതകളും എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. റഷ്യന്‍ പ്രസിഡന്റിനു വേണ്ടി റിപ്പബ്ലിക് ഓഫ് ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് സമ്മേളനത്തിന് നന്ദി പറഞ്ഞു.
പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതില്‍ ഇസ്ലാമിക ലോകവും റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള തന്ത്രപ്രധാനമായ യോഗത്തിനു വളരെ പ്രധാന്യമുണ്ടെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. മതങ്ങളുടെയും നാഗരികതകളുടെയും അനുയായികള്‍ തമ്മിലുള്ള സംവാദങ്ങള്‍ ശക്തമാക്കുന്നതിനും തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിനും സംയുക്ത സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ യോഗം സഹായിക്കും.
മതങ്ങളുടെ അനുയായികള്‍ക്കിടയില്‍ സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനും നാഗരികതകളും സംസ്‌കാരങ്ങളും തമ്മിലുള്ള സംഭാഷണം വികസിപ്പിക്കുന്നതിനും പരമ്പരാഗതവും ആത്മീയവും കുടുംബപരവുമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ ഗ്രൂപ്പ് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. റിപ്പബ്ലിക് ഓഫ് ടാറ്റര്‍സ്ഥാന്‍ പ്രസിഡന്റും സ്ട്രാറ്റജിക് വിഷന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ റുസ്തം മിന്നിഖാനോവും റഷ്യന്‍ ഫെഡറേഷനിലെയും ഇസ്ലാമിക രാജ്യങ്ങളിലെയും നിരവധി വിശിഷ്ട വ്യക്തികളും പണ്ഡിതന്മാരും ചിന്തകരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
27 മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള 33 ഉന്നത വ്യക്തിത്വങ്ങളാണ് സമ്മേളനത്തിലുള്ളത്. റഷ്യന്‍ ഫെഡറേഷനും ഇസ്ലാമിക ലോകവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രായോഗികമായി നടപ്പിലാക്കുന്നതിലാണ് ഗ്രൂപ്പ് ഓഫ് സ്ട്രാറ്റജിക് വിഷന് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.