റിയാദ്: ഈജിപ്തിലെ ഇസ്ലാമിക പുരാതന പൈതൃക വസ്തുക്കളുടെ ശേഖരം സൗദി പണയത്തിലെടുക്കുന്നു. സൗദി ഈജിപ്തിന് ലോണ്‍ നല്‍കുന്നതിന് പകരമായാണ് 84 ഇസ്ലാമിക പുരാതന വസ്തുക്കള്‍ രണ്ടു വര്‍ഷത്തേക്ക് സൗദിക്ക് നല്‍കുന്നത്. നിലവില്‍ കെയ്റോയിലെ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയത്തിലുള്ള ഈ പുരാവസ്തുക്കള്‍ ഡിസംബറില്‍ സൗദിയിലെത്തും. ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു മന്ത്രാലയത്തിലെ വകുപ്പായ സുപ്രീം കൗണ്‍സില്‍ ഓഫ് ആന്റിക്വിറ്റീസും സൗദിയിലെ അബ്ദുള്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചറും നവംബര്‍ ഒമ്പതിന് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈജിപ്ഷ്യന്‍ ടൂറിസം മേഖല പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സൗദിയില്‍ നിന്നും ലോണ്‍ വാങ്ങുന്നത്. രാജ്യത്തെ പ്രധാന വരുമാന ശ്രോതസ്സുകളിലുള്പ്പെട്ട പൈതൃക കേന്ദ്രങ്ങളും മ്യൂസിയങ്ങളും കൊവിഡിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.
അതേസമയം രാജ്യത്തെ പൈതൃക സമ്പത്തുകള്‍ സൗദിക്ക് നല്കിയാല് ഇവ ഇനി തിരിച്ചു ലഭിക്കുമോ എന്ന ആശങ്ക പങ്കുവെച്ച് ഈജിപ്തിലെ ചരിത്ര ഗവേഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈജിപ്തിലെ നിരവധി പുരാവസ്തു ശേഖരങ്ങള്‍ ഇപ്പോള്‍ വിദേശ രാജ്യങ്ങളിലാണുള്ളത്. ഇവയില്‍ ചിലത് ലോണിനായി നല്കിയ ശേഷം പിന്നീട് തിരിച്ചു വാങ്ങാന്‍ കഴിയാതാവുകയായികരുന്നു. ചിലത് രാജ്യത്ത് നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു പോയതാണ്.