ഈ വര്‍ഷവും ഹജ്ജിന് വിദേശ ഹാജിമാര്‍ക്ക് അനുമതിയില്ല

hajj2021

റിയാദ്: ഈവര്‍ഷവും ഹജ്ജിന് വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനം. സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജ് ചെയ്യാനാവുക. സൗദി ഹജ്ജ്, ആരോഗ്യ മന്ത്രിമാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഹജ്ജ് തീര്‍ത്ഥാടകര്‍ മാറാവ്യാധികള്‍ ഇല്ലാത്തവരും 18നും 65നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. വാക്‌സിനെടുത്തവര്‍ക്ക് മാത്രമായിരിക്കും അനുമതി. തീര്‍ത്ഥാടകരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.

ഇത്തവണ പരിമിതമായ തോതില്‍ വിദേശതീര്‍ത്ഥാടകരെ അനുവദിക്കുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, രാജ്യത്തെ കോവിഡ് സാഹചര്യവും മറ്റും പരിഗണിച്ചാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷവും ഹജ്ജിന് വിദേശ തീര്‍ത്ഥാടകരെ അനുവദിച്ചിരുന്നില്ല.