സൗദി അറേബ്യ വിദേശത്തുള്ള മസ്ജിദുകള്‍ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കും

റിയാദ്: വിദേശ രാജ്യങ്ങളിലുള്ള മസ്ജിദുകള്‍ക്ക് ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതായി റിപോര്‍ട്ട്. മുന്‍ സൗദി നീതിന്യായ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം ഇസ്സയെ ഉദ്ധരിച്ച് അറബി21 എന്ന വാര്‍ത്താ പോര്‍ട്ടലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മസ്ജിദുകള്‍ സൗദി അറേബ്യക്ക് താല്‍പര്യമില്ലാത്ത രീതിയില്‍ ഉപയോഗിക്കപ്പെടുന്നത് തടയുകയാണ് ലക്ഷ്യം.

സൗദി സഹായത്തില്‍ നേരത്തേ നിര്‍മിച്ച മസ്ജിദുകള്‍ പരിപാലിക്കുന്നതിന് പ്രദേശിക അധികൃതരുമായി സഹകരിച്ച് പ്രത്യേക ഭരണസമിതികള്‍ ഉണ്ടാക്കുമെന്ന് സ്വിസ് പത്രമായ ലെ മാറ്റിന്‍ ഡിമാന്‍ഷെ റിപോര്‍ട്ട് ചെയ്തു. മസ്ജിദുകള്‍ ‘സുരക്ഷിത’ കരങ്ങളില്‍ ഏല്‍പ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ജനീവ മസ്ജിദ് സ്വിസ് ഭരണസമിതിക്ക് കൈമാറാനുള്ള സമയയമായെന്ന് മുന്‍ മന്ത്രി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ഇമാമും ഈ മസ്ജിദിന് ഉണ്ടാവും.

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളുടെ കാര്യത്തിലും സൗദി സമാനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Saudi Arabia to stop funding mosques in foreign countries