Monday, October 25, 2021
HomeNewsfeedമലയാളിയെ വെടിവച്ച കേസില്‍ അതിവേഗം വിധി പ്രഖ്യാപിച്ച് സൗദി കോടതി; കുറ്റക്കാരനായ സ്വദേശിക്ക് ഏഴു വര്‍ഷം...

മലയാളിയെ വെടിവച്ച കേസില്‍ അതിവേഗം വിധി പ്രഖ്യാപിച്ച് സൗദി കോടതി; കുറ്റക്കാരനായ സ്വദേശിക്ക് ഏഴു വര്‍ഷം തടവ്

റിയാദ്: സൗദിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായ മലയാളി യുവാവിനെ വെടിവെച്ച കേസില്‍ 40 ദിവസത്തിനുള്ളില്‍ വിധി പ്രഖ്യാപിച്ച് കോടതി. സൗദി പൗരനായ പ്രതിക്ക് കോടതി ഏഴു വര്‍ഷം തടവും പിഴയും വിധിച്ചു. കൊല്ലം കുളപ്പാടം കളീക്കല്‍ മേലതില്‍ ജിലാനി മന്‍സിലില്‍ മുഹമ്മദിനെ (27) വെടിവെച്ച കേസിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.

ആഗസ്ത് 12ന് പുലര്‍ച്ചെ ആറോടെ റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിലെ ഒരു പെട്രോള്‍ പമ്പിലായിരുന്നു സംഭവം. 30 വയസ് പ്രായമുള്ള പ്രതിയെ ഈ മാസം എട്ടിന് പോലിസ് പിടികൂടിയിരുന്നു.

കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച പ്രതി പണം നല്‍കാതെ പോകാനൊരുങ്ങിയപ്പോള്‍ മുഹമ്മദ് അത് ചോദ്യം ചെയ്തു. പണം ആവശ്യപ്പെട്ട് അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. കാര്‍ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ് കാല്‍ മണിക്കൂറിലധികം അവിടെ കിടന്ന മുഹമ്മദിനെ കുളപ്പാടം സ്വദേശിയായ സിറാജുദീന്‍ സഖാഫിയും മറ്റ് മലയാളികളും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമായതിനാല്‍ അവിടെയുള്ള പട്ടാള ക്യാമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും ഐഎന്‍ടിയുസി കൊല്ലം ജില്ലാ സെക്രട്ടറിയുമായ അയത്തില്‍ നിസാമിന്റെ സഹായത്തോടെ ബന്ധുക്കള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് കഴിഞ്ഞ മാസം 18 ന് നിവേദനം നല്‍കിയിരുന്നു.

Most Popular