റിയാദ്: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ സൗദി എംബസി പൂര്‍ണ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. അഫ്ഗാന് പൗരന്മാര്ക്ക് കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നതിന് കോണ്‍സുലാര്‍ വിഭാഗം തുറക്കുന്നതായി സൗദി അറേബ്യ അറിയിച്ചു.
ആഗസ്തില്‍ താലിബാന് രാജ്യംപിടിച്ചടക്കിയതിനെ തുടര്‍ന്ന് കാബൂളിലെ എംബസിയില്‍ നിന്ന് സൗദി എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചിരുന്നു. അഫ്ഗാന് ജനതയ്ക്ക് എല്ലാ കോണ്‍സുലര്‍ സേവനങ്ങളും നല്‍കാനുള്ള സൗദിയുടെ താല്പര്യത്തില് നിന്നാണ് തുറക്കാനുള്ള തീരുമാനമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ നിന്നുള്ള 14 അംഗ നയതന്ത്ര സംഘം ചൊവ്വാഴ്ച്ച കാബൂളിലെത്തി.
അഫ്ഗാനിസ്ഥാനിലെ മാനുഷിക വിഷയങ്ങളും, പരിഹാര വഴികളും ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര യോഗം വിളിക്കണമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യവേദിയായ ഒഐസിയോട് സൗദി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
എംബസി തുറക്കുന്ന കാര്യം പരിഗണിച്ച് ഇന്ത്യ
കാബൂളിലെ എംബസി തുറക്കുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. യുഎഇ, ജര്‍മനി, ജപ്പാന്, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവ അഫ്ഗാനിലെ നയതന്ത്ര കാര്യാലയങ്ങള്‍ പുനരാരംഭിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് ഈ റിപോര്‍ട്ട്.
നവംബറിലാണ് യുഎഇ കാബൂളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. റിഷ്യ, ചൈന, ഇറാന്, പാകിസ്താന്, ഖത്തര്‍, തുര്‍ക്കി, തുര്ക്ക്മെനിസ്താന്, ഉസ്ബെക്കിസ്താന് എന്നിവ ഇതിനകം രാജ്യത്ത് എംബസി തുറന്നിട്ടുണ്ട്. അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനം കാബൂളിലെ ഖത്തര്‍ എംബസി വഴി നടത്താനും ധാരണയായിട്ടുണ്ട്.
അഫ്ഗാനില്‍ എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് താലിബാനെ അംഗീകരിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്ന് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും ജനങ്ങളുമായി ഇടപെടുന്നതിനും വേണ്ടിയാണ് നയതന്ത്ര കാര്യാലയം തുറക്കുന്ന കാര്യം പരിഗണിക്കുന്നത്.