റിയാദ്: സൗദി വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് യാത്രക്കാരുടെ വിരലടയാളത്തിനു പകരം നേത്രപടലം ശേഖരിക്കാന്‍ പാസ്‌പോര്‍ട്ട് (ജവാസത്ത്) വിഭാഗം ഒരുങ്ങുന്നതായി സൂചന. വിരലടയാളത്തിനു പകരം നേത്രപടലങ്ങളുടെ ചിത്രം നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ രേഖകളില്‍ ഉള്‍പ്പെടുത്തും. ഇതിനായി ഏറ്റവും നൂതനമായ ഉപകരണങ്ങള്‍ ഉടനെത്തും. എന്നാല്‍, എന്നു മുതലാണ് ഇത് നടപ്പാകുകയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൈവിക അടയാളങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതാണ് രീതി. ഇതിനായി യാത്രക്കാരന്റെ വിരലടയാളമാണ് നിലവില്‍ പതിപ്പിക്കുന്നത്. എന്നാല്‍, ഇതിനു പകരം നേത്രപടലം പരിശോധിക്കുകയും അത് അടയാളമായി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിലേക്കു മാറാനുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയാകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിരലടയാളത്തെക്കാള്‍ സുരക്ഷിതമാണ് നേത്രപടലം അടയാളമായി സ്വീകരിക്കുന്നതെന്നും ഇത് ആളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഏറ്റവും കുറ്റമറ്റ ജൈവിക അടയാളമാണെന്നുമാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യന് പ്രായമാകുന്നതിനനുസരിച്ച് വിരലടയാളത്തില്‍ മാറ്റം സംഭവിക്കാം. അതുകൊണ്ട് ആളെ തിരിച്ചറിയുന്നതില്‍ അപൂര്‍വമായെങ്കിലും പിഴവ് സംഭവിക്കാനിടയുണ്ട്.
യാത്രാവിലക്കുള്ളവര്‍ക്കുപോലും ഇത് മറികടന്ന് രാജ്യത്ത് പ്രവേശിക്കാന്‍ കഴിയും. ഇതിന് തടയിടാനും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും നേത്രപടലം അടയാളമാവുമ്പോള്‍ സാധിക്കും. മരണം വരെ നേത്രപടലത്തില്‍ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമായിരിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു, വലതു കണ്ണുകളിലെ നേത്രപടലങ്ങള്‍പോലും വിഭിന്നമാണ്. ഇവ ശേഖരിച്ചുവെക്കുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്നാണ് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ വിലയിരുത്തല്‍.