സൗദിയില്‍ ഇഖാമ പുതുക്കാന്‍ ആശ്രിതരുടെ ലെവി പൂര്‍ണമായും അടക്കണം

saudi iqama expiry registration

റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ ഇഖാമകള്‍ പുതുക്കാന്‍ ആശ്രിതരുടെ ലെവി പൂര്‍ണമായും അടക്കമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യം ജവാസാത്ത് വ്യക്തമാക്കിയത്. കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ ഇഖാമകള്‍ ലെവിയില്ലാത്ത മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

ഇതുപ്രകാരം വിദേശ തൊഴിലാളിയുടെയും കുടുംബാംഗങ്ങളുടെയും ഇഖാമകളുടെ കാലാവധി മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ഇവരുടെ ഇഖാമ കാലാവധി ജൂലൈ 19ന് അവസാനിക്കും. ഇഖാമകള്‍ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തെയാണോ, അതല്ല, ഒരു വര്‍ഷവും മൂന്നു മാസത്തെയും ലെവിയാണോ അടക്കേണ്ടതെന്ന് ആരാഞ്ഞും വിദേശ തൊഴിലാളികളുടെ ഇഖാമകള്‍ സൗജന്യമായി മൂന്നു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കാനാണ് രാജകല്‍പന അനുശാസിച്ചിരുന്നതെന്ന് കാര്യം ഉണര്‍ത്തിയും ഉപയോക്താവ് നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ആശ്രിതരുടെ ഇഖാമ പുതുക്കാന്‍ ഒരു വര്‍ഷവും മൂന്നു മാസത്തെയും ലെവി പൂര്‍ണമായും അടക്കണമെന്ന് ജവാസാത്ത് വ്യക്തമാക്കിയത്.

രാജകല്‍പന പ്രകാരമുള്ള മൂന്നു മാസത്തെ ലെവി ഇളവ് ആനുകൂല്യം വിദേശ തൊഴിലാളികള്‍ക്ക് മാത്രമാണ് ലഭിക്കുകയെന്നും ആശ്രിതര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നും ജവാസാത്ത് സൂചിപ്പിച്ചു. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമ കാലാവധി അവസാനിച്ച വിദേശികള്‍ക്കാണ് മൂന്നു മാസത്തേക്ക് ലെവി ഇളവ് നല്‍കിയത്.