ഇഖാമയില്‍ കാണിക്കാത്ത ജോലി; സൗദിയില്‍ നിരവധി ഹൗസ് ഡ്രൈവര്‍മാര്‍ പിടിയില്‍

saudi police

തുറൈഫ്: സൗദിയില്‍ ഇഖാമയില്‍ കാണിക്കാത്ത ജോലി ചെയ്യുന്ന നിയമ ലംഘകരെ പിടികൂടുന്നതിന് പരിശോധന ശക്തം. ഹൗസ് ഡ്രൈവര്‍ വിസയിലുള്ള നിരവധി പേര്‍ പിടിയിലായി. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി വയറിംഗ്, പെയിന്റിംഗ്, ടൈല്‍സ് വര്‍ക്ക്, മേസന്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരാണ് തുറൈഫില്‍ പിടിയിലായത്.

നിയമലംഘകരെ വലയിലാക്കാന്‍ വെള്ളിയാഴ്ചകളിലും പുലര്‍ച്ചെയും പോലിസ് പരിശോധനയുണ്ട്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പുലര്‍ച്ചെ തന്നെ പുതിയ കെട്ടിടങ്ങളില്‍ ജോലിക്കെത്താന്‍ ശ്രമിച്ച പലരും പിടിയിലായി. തൊഴിലാളികള്‍ പോകുന്ന വാഹനങ്ങളെ പിന്തുടര്‍ന്നും പരിശോധന നടത്തുന്നുണ്ട്.

ഇഖാമയില്‍ ഡ്രൈവര്‍ പ്രൊഫഷനാണെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെടുകയാണ് പോലിസ് ചെയ്യുന്നത്. ആമില്‍ മന്‍സില്‍ അഥവാ വീട്ടു ജോലിക്കാരന്‍ എന്ന വിസയിലെത്തിയും ധാരാളം പേര്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. സ്പോണ്‍സര്‍മാര്‍ക്ക് പ്രതിമാസം നിശ്ചിത തുക നല്‍കിയാണ് മറ്റു ജോലികള്‍ ചെയ്യുന്നത്.