Sunday, January 23, 2022
HomeNewsfeedസൗദിയില്‍ 16 തൊഴിലുകള്‍ കൂടി സ്വദേശിവല്‍ക്കരിക്കുന്നു

സൗദിയില്‍ 16 തൊഴിലുകള്‍ കൂടി സ്വദേശിവല്‍ക്കരിക്കുന്നു

റിയാദ്: സൗദിയില്‍ അടുത്ത വര്‍ഷം 16 തൊഴിലുകളും പ്രവര്‍ത്തന മേഖലകളും സൗദിവല്‍ക്കരിക്കാന്‍ പദ്ധതി. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫ്രീലാന്‍സ്, വിദൂര തൊഴില്‍ പദ്ധതികളിലൂടെ അടുത്ത വര്‍ഷം ആയിരക്കണക്കിന് സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

ഫ്രീലാന്‍സ് രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 30,000 ആയും സൗദി തൊഴില്‍ നിയമം ഉറപ്പുനല്‍കുന്ന മുഴുവന്‍ പരിരക്ഷകളും ആനുകൂല്യങ്ങളും ലഭ്യമാക്കി വിദൂര തൊഴില്‍ രീതിയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 60,000 ആയും അടുത്ത വര്‍ഷം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

ഫ്‌ളക്സിബിള്‍ തൊഴില്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത് ഫ്‌ളക്‌സിബിള്‍ രീതിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 50,000 ആയി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളില്‍ തൊഴില്‍ ശേഷിയുള്ളവരില്‍ പെട്ട 26 ശതമാനം പേരെ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് പ്രാപ്തരാക്കി മാറ്റാനും സുസ്ഥിരതാ, ആരോഗ്യ തൊഴില്‍ മേഖലയില്‍ 3,000 ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നു.

ഭിന്നശേഷിക്കാര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ സേവനങ്ങള്‍ സംയോജിത രീതിയില്‍ നല്‍കാനും മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കാനും ഉന്നമിട്ട് ദേശീയ രജിസ്റ്റര്‍ സ്ഥാപിക്കും.

 

Most Popular