ജിദ്ദ: വീട്ടുജോലിക്കാര്‍ കരാര്‍ കാലാവധിക്കു മുമ്പ് ഒഴിവായിപ്പോയാല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സൗദി സര്‍ക്കാര്‍ പദ്ധതി. ഓടിപ്പോകുകയോ ജോലി തുടരാന്‍ വിസമ്മതിക്കുകയോ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്ന വീട്ടുജോലിക്കാര്‍ക്കെതിരെ തൊഴിലുടമക്ക് നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 500 റിയാലില്‍ താഴെയായിരിക്കും പ്രീമിയം തുക. രണ്ട് വര്‍ഷത്തെ പോളിസിയാണ് ലക്ഷ്യമിടുന്നത്. ഇത് നടപ്പിലാക്കുന്നതിന് സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ച് മന്ത്രാലയം എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വീട്ടുജോലിക്കാര്‍ ഓടിപ്പോവുകയോ, തൊഴില്‍ കരാറിന്റെ ആദ്യ മൂന്ന് മാസ കാലയളവ് കഴിഞ്ഞ ശേഷം ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ റിക്രൂട്ട്മെന്റ് ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. സ്പോണ്സര് പണം നല്‍കിയില്ലെങ്കില്‍ വീട്ടുജോലിക്കാരുടെ ശമ്പള കുടിശിക നല്‍കുന്നതും ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുന്നു.
തൊഴിലുടമയ്ക്ക് താല്പര്യമുണ്ടെങ്കില് തൊഴില്‍ കരാറും ഇന്‍ഷൂര്‍ ചെയ്യാവുന്നതാണ്. വീട്ടുജോലിക്കാരുടെ ശമ്പളം പതിവായി അടക്കുന്നതുള്‍പ്പെടെ പോളിസി നിബന്ധനകള്‍ സ്പോണ്സര് കൃത്യമായി പാലിച്ചാല്‍ ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്ന സമയത്ത് ഇളവുകള്‍ ലഭിക്കും.
ALSO WATCH