റിയാദ്: ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍…’ മലയാളികള്‍ മറക്കാത്ത കലാഭവന്‍ മണിയുടെ പാട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാരണം ഇതാണ്, പാട്ട് പാടിയത് സൗദി സ്വദേശിയായ യുവ ഗായകനാണ്. അതും കേരളത്തിലല്ല, സൗദിയില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍.
റിയാദ് അല്‍ ഖര്‍ജിലെ ലുലുവിന്റെ ശാഖയിലായിരുന്നു യുവഗായകനായ ഹാഷിം അബ്ബാസ് മണിയുടെ ഈ നാടന്‍പാട്ട് അതിമനോഹരമായി അലപിച്ചത്. ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ മലയാളികള്‍ പോലും ആദ്യം ഒന്ന് അതിശയിച്ചെങ്കിലും പിന്നെ താളംപിടിച്ച് പാട്ടില്‍ ചേര്‍ന്നു.
പാട്ടിനൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ചുവടുകള്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. മലയാളോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ഗായകനാണ് ഹാഷിം. മാത്രമല്ല കേരള കലാ സാംസ്‌കാരിക വേദിയുടെ സൗദി കിഴക്കന്‍ പ്രവിശ്യാ ചീഫ് പാട്രണ്‍ കൂടിയാണ് ഇദ്ദേഹം. പല തവണ കേരളത്തിലും എത്തിയിട്ടുള്ള ഹാഷിമിന്റെ മലയാളം പറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ മുമ്പും ശ്രദ്ധ നേടിയിട്ടുണ്ട്. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളാണ് കൂടുതല്‍ ഇഷ്ടം.