റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ നടപ്പാക്കാനിരിക്കുന്ന സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ ഭേദഗതിയില്‍ കൂടുതല്‍ വിശദീകരണം. തൊഴില്‍ മാറ്റം തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ പ്രകാരമായിരിക്കുമെന്നും സ്പോണ്‍സറെ അറിയിച്ച് മാത്രമേ സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകൂവെന്നും മാനവശേഷി മന്ത്രാലയം വ്യക്തമാക്കി.
ഭേദഗതിയനുസരിച്ച് തൊഴില്‍ കരാര്‍ നിലനില്‍ക്കുന്ന സമയത്ത് സ്പോണ്‍സറുടെ സമ്മതത്തോടെ ഒരു കമ്പനിയില്‍നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് തടസ്സമുണ്ടാകില്ല. എന്നാല്‍, തൊഴില്‍ കരാര്‍ അവസാനിക്കുന്നതോടെ മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിന് സ്പോണ്‍സറുടെ സമ്മതം ആവശ്യമില്ലെന്നതാണ് പുതുതായി വ്യവസ്ഥയില്‍ ചേര്‍ത്തിട്ടുള്ളത്. സൗദി അറേബ്യയിലെത്തിയിട്ട് 12 മാസം പൂര്‍ത്തിയാക്കണമെന്നും കരാര്‍ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുമ്പ് സ്പോണ്‍സറെ അറിയിക്കണമെന്നതുമാണ് ഇതിനുള്ള നിബന്ധനകള്‍.
കരാര്‍ കാലാവധി കഴിഞ്ഞാല്‍ മാറാന്‍ അനുവദിക്കില്ലെന്നും ഫൈനല്‍ എക്സിറ്റായിരിക്കും ഉണ്ടാവുകയെന്നും കരാറിലുണ്ടെങ്കില്‍ പിന്നീട് സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമല്ലെന്നര്‍ഥം. കരാര്‍ കാലാവധിക്കിടയില്‍ തൊഴിലാളിയെ പിരിച്ചുവിട്ടാല്‍ ആര്‍ട്ടിക്കിള്‍ 77 പ്രകാരം നഷ്ടപരിഹാരം കമ്പനി നല്‍കേണ്ടിവരുമെന്ന നിലവിലെ രീതി തുടരും.
കരാര്‍ കാലാവധി കഴിയുന്നതിന് നിശ്ചിത സമയം മുമ്പ് സ്പോണ്‍സറെ അറിയിച്ച് മറ്റൊരു തൊഴില്‍സ്ഥലത്തേക്ക് മാറുന്നതിന് തടസ്സമില്ലെന്നതാണ് പുതിയ ഭേദഗതി പറയുന്നത്. ഇതനുസരിച്ച് തൊഴിലാളിയെ കൂടുതല്‍ ശമ്പളം നല്കി പിടിച്ചുനിര്‍ത്താനോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റില്‍ പോകാനോ മറ്റൊരിടത്തേക്ക് തൊഴില്‍ മാറാനോ തൊഴിലുടമ അനുവദിക്കേണ്ടിവരും. അഥവാ ഇഖാമ പുതുക്കാതെയോ ശമ്പളം നല്കാതെയോ അവരെ പിടിച്ചുവെച്ച് ബുദ്ധിമുട്ടിക്കാനാകില്ല.