റിയാദ്: സൗദി അറേബ്യയില്‍ രാജ്യവ്യാപകമായി ഏകീകൃത കര്‍ഫ്യൂ പാസ് നിലവില്‍ വന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സീല്‍ പതിപ്പിച്ച പാസുകള്‍ ഉള്ളവര്‍ക്ക് മാത്രമേ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയങ്ങളില്‍ യാത്ര ചെയ്യുവാന്‍ അനുവാദമുള്ളൂ.
റമദാന് മാസത്തില്‍ കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങാനുള്ള സമയം ആഭ്യന്തര മന്ത്രാലയം മാറ്റിയിട്ടുണ്ട്. റമദാന് വ്രതാരംഭം മുതല്‍ രാവിലെ 9 മുതല്‍ അഞ്ച് വരെ മാത്രമായിരിക്കും പുറത്തിറങ്ങാനുള്ള സമയം. കര്‍ഫ്യൂ ഇളവ് ഉപയോഗപ്പെടുത്തി പുറത്തിറങ്ങുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നുമുതല്‍ പ്രാബല്യത്തിലായ പാസും നിര്‍ബന്ധമാണ്.
ഏപ്രില്‍ 13ന് റിയാദിലാണ് കര്‍ഫ്യൂ പാസ് ആദ്യമായി പ്രാബല്യത്തിലായത്. തൊട്ടുടത്ത ദിവസം മുതല്‍ മക്ക, മദീന എന്നിവിടങ്ങളിലും പാസ് നിര്‍ബന്ധമാക്കി. ഇന്ന് മൂന്ന് മണിമുതല്‍ രാജ്യത്തുടനീളം പുതിയ പാസ് നിര്ബന്ധമായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ മുഴുസമയ കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ എല്ലാ സമയവും വാഹനത്തില്‍ പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാണ്. എന്നാല്‍ മൂന്ന് മണിമുതല്‍ കര്‍ഫ്യൂ ഉള്ള സ്ഥലങ്ങളില്‍ ആ സമയം മുതല്‍ മാത്രമേ പാസ് ആവശ്യമായി വരൂ.
കര്‍ഫ്യൂ സമയങ്ങളില്‍ വാനങ്ങളില്‍ യാത്ര ചെയ്യുന്നതിനും വാഹനമോടിക്കുന്നതിനും പുതിയ പാസ് ഉള്ളവര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നതും, കൂടുതല്‍ സമയം പുറത്ത് അകാരണമായി ചെലവഴിക്കുന്നതും പിഴ ചുമത്തപ്പെടുത്ത കുറ്റമാണ്.