Tuesday, September 27, 2022
HomeNewsfeedസൗദിയില്‍ വിസിറ്റ് വിസ പുതുക്കുന്നത് ഒരുമാസമാക്കി ചുരുക്കി; വിമാന സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് സൂചന

സൗദിയില്‍ വിസിറ്റ് വിസ പുതുക്കുന്നത് ഒരുമാസമാക്കി ചുരുക്കി; വിമാന സര്‍വീസ് പുനരാരംഭിച്ചേക്കുമെന്ന് സൂചന

ജിദ്ദ: സൗദി അറേബ്യയില്‍ ഫാമിലി വിസിറ്റ് വിസ പുതുക്കുന്നത് ഒരു മാസമായി ചുരുക്കിയതായി റിപോര്‍ട്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ് നേരത്തേ പ്രഖ്യാപിച്ചതിലും നേരത്തേ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചനാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 നു മാത്രമേ പൂര്‍ണമായും പുനരാരംഭിക്കുകയുളളൂവെന്ന് സൗദി സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിസിറ്റ് വിസ പുതുക്കുന്ന കാലാവധി ചുരുക്കിയത് പ്രവാസികളില്‍ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, റമദാന്‍ കൂടി വരുന്നതിനാല്‍ മെയ് 17 തന്നെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനു പിന്നാലെ ഫാമിലി വിസിറ്റ് വിസകള്‍ യാതൊരു തടസ്സവുമില്ലാതെ വെബ് സൈറ്റ് വഴി മൂന്ന് മാസത്തേക്ക് പുതുക്കി കൊണ്ടിരുന്നതാണ് ഇപ്പോള്‍ ഒരു മാസമാക്കിയിരിക്കുന്നത്.

ഇപ്പോള്‍ വെബ് സൈറ്റ് വഴി പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ജവാസാത്ത് ഓഫിസില്‍ പോയാല്‍ ഒരു മാസത്തേക്കാണ് നീട്ടി നല്‍കുന്നത്. വെബ് സൈറ്റ് വഴിയും ഒരു മാസം തന്നെയാണ് ലഭിക്കുന്നത്. വെബ് സൈറ്റില്‍ തടസ്സം നേരിടുന്നവരോട് വിസയുടെ കാലാവധി പൂര്‍ത്തിയായി അടുത്ത ദിവസമെത്താന്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്. കാലാവധി അവസാനിക്കാത്ത വിസകള്‍ പുതുക്കി നല്‍കുന്നില്ല.
ALSO WATCH

Most Popular