ജിദ്ദ: സൗദിയില്‍ ഷോപ്പിങ് മാളുകളിലെ പ്രവേശനത്തിനു പുതിയ നിബന്ധന ഏര്‍പ്പെടുത്തി വാണിജ്യ മന്ത്രാലയം. ഷോപ്പിങിനെത്തുന്നവര്‍ വാക്‌സിനെടുത്തവരാണെന്ന് ഉറപ്പുവരുത്താന്‍ തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി ബാര്‍കോഡ് സ്‌കാന്‍ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി.
മാളുകളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും വാക്‌സിനെടുത്ത വ്യക്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളില്‍ ആരോഗ്യനില സ്വയമേവ പരിശോധിക്കുന്നതിനുള്ള പെര്‍മിറ്റ് കോഡ് സ്ഥാപിക്കണമെന്നും വാണിജ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഷോപ്പിങിനെത്തുന്നവര്‍ മാളുകളിലേക്ക് പ്രവേശിക്കും മുമ്പ് ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിരിക്കണം. എന്നാല്‍ ഭക്ഷ്യവില്‍പ്പന കടകള്‍, ലോന്‍ട്രികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തയ്യല്‍ കടകള്‍ തുടങ്ങിയ ചെറുകിട മേഖലയിലെ കടകളിലെത്തുന്നവര്‍ തവക്കല്‍ന ആപ്ലിക്കേഷനിലെ ആരോഗ്യസ്ഥിതി സാധാരണ രീതിയില്‍ പരിശോധിച്ച് ജീവനക്കാരെ ബാധ്യപെടുത്തിയാല്‍ മതി.