Friday, January 28, 2022
HomeGulfSaudi Arabiaവിളയില്‍ ഫസീലയുടെ ഭര്‍ത്താവ് മുഹമ്മദലി 'വീണ്ടും' മരിച്ചു; 23 വര്‍ഷത്തിനു ശേഷം

വിളയില്‍ ഫസീലയുടെ ഭര്‍ത്താവ് മുഹമ്മദലി ‘വീണ്ടും’ മരിച്ചു; 23 വര്‍ഷത്തിനു ശേഷം

റിയാദ്: ഇന്നലെ അന്തരിച്ച പഴയകാല കലാകാരനും കെഎംസിസി പ്രവര്‍ത്തകനുമായ വലിയപറമ്പിലെ ടികെപി മുഹമ്മദലി 23 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ ‘മരിച്ച’യാളാണ്. പ്രശസ്ത മാപ്പിളപ്പാട്ടു ഗായിക വിളയില്‍ ഫസീലയുടെയും തൃക്കരിപ്പൂരിലെ ടി ഷക്കീലയുടെയും ഭര്‍ത്താവായ മുഹമ്മദലി, സൗദിയില്‍ ഒരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്തു വരുന്നതിനിടെ 1997ലായിരുന്നു ആ സംഭവം. സൗദി ബനൂഹാത്തിമില്‍ ഒരു ട്രക്ക് അപകടത്തില്‍ പെട്ടു മുഹമ്മദലി മരിച്ചെന്ന വാര്‍ത്തയാണ് പ്രചരിച്ചത്.

എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കാന്‍ കാരണം അപകടം സംഭവിച്ച സ്ഥലത്തു കൂടെ നടന്നു പോയ ഒരു യുവാവ് രക്തത്തില്‍ കുളിച്ചു കിടന്ന മുഹമ്മദലിയെ പൊതിഞ്ഞെടുത്ത് 100 മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. 9 ദിവസം കഴിഞ്ഞു മുഹമ്മദലിക്കു ബോധം തിരിച്ചു കിട്ടുമ്പോഴേക്കും ‘മരണ വാര്‍ത്ത’ നാടാകെ പ്രചരിച്ചിരുന്നു. വിവരങ്ങള്‍ അറിയാന്‍ സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും അറിയപ്പെടുന്ന കലാകാരനായതിനാല്‍ മരണ വിവരം പെട്ടെന്ന് പ്രചരിച്ചു. ചില പത്രങ്ങളില്‍ മരണ വാര്‍ത്ത അച്ചടിച്ചു വന്നു. മാത്രമല്ല, കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ അനുശോചന സന്ദേശങ്ങളും വന്നു.

പിന്നെയും 2 ദിവസം കഴിഞ്ഞാണ് ‘പരേതന്‍’ അന്തരിച്ചിട്ടില്ലെന്ന വിവരം പുറത്തു വന്നത്. സംഭവം ഇങ്ങനെയായിരുന്നു: ഒരു ട്രക്കും എതിരെ വന്ന ഡീസല്‍ ടാങ്കറും കൂട്ടിയിടിക്കുന്നു. ടാങ്കര്‍ കത്തി ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. മുഹമ്മദലി സഞ്ചരിച്ചിരുന്ന ട്രക്കിലെ മൂന്നുപേരും മരിച്ചു. പൊലീസെത്തി രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യം. രണ്ടു വാഹനങ്ങള്‍. 4 യാത്രികര്‍. നാലു മൃതദേഹങ്ങള്‍. പൊലീസ് അപ്പോള്‍തന്നെ വേണ്ടപ്പെട്ടവരെയൊക്കെ വിവരമറിയിച്ചു.

മയ്യത്തുകള്‍ തൊട്ടടുത്ത ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പക്ഷേ, പിന്നീടാണ് അത്ഭുതം. മോര്‍ച്ചറിയില്‍ മുഹമ്മദലിയുടെ മയ്യത്തില്ല. അങ്ങനെയാണ് ഒരാള്‍ ജീവനോടെയുണ്ടെന്നു തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയില്‍ ജീവന്‍ തിരിച്ചു കിട്ടി. പ്രവാസ കാലം കഴിഞ്ഞു പയ്യന്നൂരില്‍ ട്രാവല്‍സ് നടത്തുകയായിരുന്നു മുഹമ്മദലി.

Most Popular