Saturday, January 22, 2022
HomeNewsInternationalസൗദി അറേബ്യയും യുഎഇയുമായുള്ള തെറ്റിദ്ധാരണകള്‍ പരിഹരിച്ചെന്ന് ഇറാന്‍

സൗദി അറേബ്യയും യുഎഇയുമായുള്ള തെറ്റിദ്ധാരണകള്‍ പരിഹരിച്ചെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇറാനും മേഖലയിലെ പ്രധാന എതിരാളികളായ യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തമ്മിലുള്ള ചില തെറ്റിദ്ധാരണകള്‍ പരിഹരിച്ചതായി ഇറാന്‍ ജനറല്‍.

ഇറാന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരിയാണ് ഇക്കാര്യം അറിയിച്ചതെന്ന് തെഹ്‌റാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഒമാന്റെ ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ മന്‍ദാരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു പ്രസ്താവന.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, അന്താരാഷ്ട്ര സഹകരണം ശക്തമാക്കാന്‍ തീരുമാനമായി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒമാന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ബഗേരി പറഞ്ഞു.

മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട യുഎഇയുമായും സൗദി അറേബ്യയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവരുമായുള്ള ചില തെറ്റിദ്ധാരകണകള്‍ ഇതോടെ അകറ്റിയിട്ടുണ്ട്. ഖത്തറുമായും കുവൈത്തുമായും തങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളതെന്നും ബഗേരി വ്യക്തമാക്കി. അതേസമയം, ബഹ്‌റൈനെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല.

ഈയിടെ അറബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസ് ജോര്‍ദാനില്‍ സംഘടിപ്പിച്ച സുരക്ഷാ ചര്‍ച്ചയില്‍ സൗദി, ഇറാന്‍ പ്രതിനിധികള്‍ പങ്കെടുത്തതായി റിപോര്‍ട്ടുണ്ടായിരുന്നു. പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ട്.

സൗദി അറേബ്യയും, യുഎഇയും ഇറാനുമായി അത്ര അടുപ്പത്തിലായിരുന്നില്ല. ഖത്തറിനെതിരായ ഉപരോധത്തിന് ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടിയ ഒരു കാരണം ഖത്തറിന്റെ ഇറാനുമായുള്ള അടുത്ത ബന്ധമായിരുന്നു. എന്നാല്‍, അല്‍ ഊല ഉച്ചകോടിയില്‍ ജിസിസി പ്രതിസന്ധി പരിഹരിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും ഇറാനോടുള്ള നിലപാടില്‍ അയവ് വരുത്തിയിട്ടുണ്ട്.

Most Popular