മക്ക ക്രെയിൻ അപകടത്തിലെ മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി

mecca crane accident

മക്ക ക്രെയിന്‍ അപകടത്തിലെ മുഴുവന്‍ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. സംഭവം ദിവസം മക്കയിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും, ഇതിനെ മാനുഷിക പിഴവായി കാണാനാകില്ലെന്നും കോടതി കണ്ടെത്തി. നേരത്തെയുണ്ടായ വിധിക്കെതിരായ അപ്പീലിലാണ് കോടതി വീണ്ടും വാദം കേട്ടത്.

2015ലെ ഹജജിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സെപ്തംബര്‍ 11ന് വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ ദുരന്തം ഉണ്ടായത്. മക്കയിലെ ഹറമില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന കൂറ്റന്‍ ക്രെയിനില്‍ ഒരെണ്ണം ശക്തമായ കാറ്റില്‍ ഉലഞ്ഞ് നിലംപതിച്ചു. അപകടത്തില്‍ മലയാളി ഹജ്ജ് തീര്‍ത്ഥാടകരുള്‍പ്പെടെ നൂറിലധികം പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസില്‍ ബിന്‍ലാദിന്‍ ഗ്രൂപ്പ് ഉള്‍പ്പെടെ 13 പ്രതികളേയുമാണ് ഇപ്പോള്‍ മക്ക ക്രിമിനല്‍ കോടതി കുറ്റവിമുക്തരാക്കിയത്.

അതേസമയം കാലാവസ്ഥ വ്യതിയാനം മുന്‍കൂട്ടി കണ്ടെത്തി അറിയിപ്പ് നല്‍കുവാന്‍ കാലാവസ്ഥ നിരീക്ഷണ, പരിസ്ഥതി സംരക്ഷണ വകുപ്പിന് സാധിച്ചിരുന്നില്ല. അതിനാലാണ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ സാധിക്കാതെ പോയതെന്നും, ഇത്തരം ഘട്ടങ്ങളില്‍ മുന്‍കൂട്ടി ജാഗ്രത പാലിക്കല്‍ സാധ്യമെങ്കിലും, ദുഷ്‌കരമാണെന്നും കോടതി വിലയിരുത്തി. സംഭവത്തില്‍ 2017ലും ഇതേ കോടതി സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതിലാണ് കോടതി വീണ്ടും മുഴുവന്‍ പ്രതികേളയും കുറ്റവിമുക്തരാക്കിയത്.