വിശുദ്ധ കഅ്ബയുടെ വാതില്‍ രൂപകല്‍പ്പന ചെയ്ത ഡിസൈനര്‍ ജര്‍മനിയില്‍ നിര്യാതനായി

kaaba

മക്ക: വിശുദ്ധ കഅ്ബയുടെ വാതില്‍ രൂപകല്‍പ്പന ചെയ്ത ഡിസൈനര്‍ എഞ്ചിനീയര്‍ മുനീര്‍ അല്‍ ജുന്‍ദി ജര്‍മനിയില്‍ നിര്യാതനായി. 1970കളില്‍ സൗദി ഭരണാധികാരിയായിരുന്ന ഖാലിദ് രാജാവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു വാതില്‍ നിര്‍മിച്ചത്. 1970കളില്‍ മക്കയിലെ പ്രധാന ശെയ്ഖുമാരായ ശെയ്ഖ് അല്‍ സാഗ, ശെയ്ഖ് മഹ്മൂദ് ബദര്‍ എന്നിവരായിരുന്നു വാതില്‍ നിര്‍മാണ പദ്ധതി ഏറ്റെടുത്തത്. കഅ്ബയ്ക്ക് പുതിയ വാതിലുകള്‍ നിര്‍മ്മിക്കാന്‍ ഖാലിദ് രാജാവ് ശെയ്ഖ് മഹ്മൂദ് ബദറിന്റെ കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശുദ്ധമായ സ്വര്‍ണം ഉപയോഗിച്ചായിരിക്കണം നിര്‍മാണമെന്നും രാജാവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ശെയ്ഖ് മഹ്മൂദ് ബദറാണ് വാതില്‍ ഡിസൈന്‍ ചെയ്യാന്‍ എഞ്ചിനീയര്‍ അല്‍ ജുന്‍ദിയെ ചുമതലപ്പെടുത്തിയത്. മൂന്ന് മീറ്ററിലധികം ഉയരവും രണ്ട് മീറ്റര്‍ വീതിയുമുള്ളതാണ് കഅബയുടെ വാതില്‍. മൂന്ന് ലക്ഷം റിയാലായിരുന്നു അന്നദ്ദേഹത്തിനുള്ള പ്രതിഫലം.

വാതില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷമെടുത്തു. 1979 ഒക്ടോബര്‍ 13നായിരുന്നു നേരത്തേയുണ്ടായിരുന്ന സ്വര്‍ണം പൂശിയ വാതില്‍ മാറ്റി സ്വര്‍ണത്താല്‍ നിര്‍മിച്ച പുതിയ വാതില്‍ ഖാലിദ് രാജാവ് സ്ഥാപിച്ചത്. 280 കിലോഗ്രാം സ്വര്‍ണമാണ് വാതില്‍ നിര്‍മാണത്തിനായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഅബയുടെ വാതില്‍ നിര്‍മാണത്തിന് മാത്രമായി ഒരു പ്രത്യേക വര്‍ക്ക്ഷോപ്പും മക്കയില്‍ സ്ഥാപിച്ചിരുന്നു.