റിയാദ്: റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019 – 20) മലപ്പുറം വണ്ടൂരിൽ നടന്നു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി സുലൈ ഏരിയ അംഗമായ അസൈനാർ വീരാന്റെ മകൾ അമ്രിൻ ആയിഷക്കാണ് പുരസ്കാരം കൈമാറിയത്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്കാരത്തിന് അർഹത നേടിയത്.
വണ്ടൂരിൽ സഖാവ് കുഞ്ഞാലി സ്മാരക മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ എം വണ്ടൂർ ഏരിയാ സെക്രട്ടറി ബി.എം.റസാഖാണ് പുരസ്കാരം കൈമാറിയത്. സിപിഐ എം വണ്ടൂർ ലോക്കൽ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളാ പ്രവാസി സംഘം വണ്ടൂർ ഏരിയാ പ്രസിഡന്റ് കോയ അധ്യക്ഷത വഹിച്ചു. കേളി മുൻ ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത്, ജിദ്ദ നവോദയ രക്ഷാധികാരി സമിതി മുൻ അംഗവും പ്രവാസി സംഘം ഏരിയാ ട്രഷററുമായ അബ്ദുറഹിമാൻ വണ്ടൂർ, കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗം ഉമ്മർകുട്ടി കാളികാവ്, കേളി മുൻ സെക്രട്ടറി റഷീദ് മേലെതിൽ, ദമാം നവോദയ മുൻ കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അമ്രിൻ ആയിഷ ചടങ്ങിന് നന്ദി പറഞ്ഞു.