റിയാദ് മെട്രോ സെപ്തംബറിൽ ആദ്യ ഘട്ട സര്‍വീസ് തുടങ്ങും

Riyadh-Metro-Western-Station

റിയാദ്: സൗദിയിലെ സമഗ്രമായ മെട്രോ ട്രെയിന്‍ നെറ്റ് വര്‍ക്ക് റിയാദില്‍ ഒരുങ്ങുന്നു. സെപ്തംബറോടെ ആദ്യ ഘട്ട സര്‍വീസ് തുടങ്ങുന്നതിനായി റിയാദ് റോയല്‍ കമ്മീഷന്‍ ശ്രമങ്ങള്‍ തുടങ്ങി. സര്‍വീസിന് മുന്നോടിയായി ട്രാക്കുകളില്‍ ട്രെയല്‍ റണ്‍ ട്രെയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് മെട്രോയെ വികസിപ്പിക്കാനാണ് റോയല്‍ കമ്മീഷന്റെ നീക്കം. 176 കി.മീ ദൈര്‍ഘ്യമുള്ള റിയാദ് മെട്രോ ലോകത്തിലെ നീളം കൂടിയ മെട്രോ ലൈനില്‍ പെടുന്നതാണ്. അതിവേഗത്തില്‍ മാറിക്കയറാവുന്ന മെട്രോയില്‍ 36 കിലോമീറ്റര്‍ തുരങ്കമാണ്.

എന്നാല്‍ 80 സ്റ്റേഷനുകളാണ് മെട്രോക്കായി സജ്ജീകരിച്ചത്. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനില്‍ ഉണ്ടാവുക. അതോടൊപ്പം റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കാന്‍ ബസ് സര്‍വീസുകളുണ്ടാകും. എന്നാല്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ബസ്സിനും ട്രെയിനിനും ഒരേ കാര്‍ഡാകും നല്‍കുക. അതേസമയം കോവിഡ് സാഹചര്യത്തില്‍ ഇഴഞ്ഞിരുന്ന പ്രവര്‍ത്തനം വീണ്ടും സജീവമായിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുമെന്ന് സൗദി കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ റിയാദില്‍ പത്ത് കോടി ജനങ്ങളുണ്ടാകുമെന്ന് കണക്കു കൂട്ടിയുള്ള പദ്ധതികളാണ് വരുന്നത്. ഇതിന്റെ ഭാഗമായി റിയാദിലെ കിങ് സല്‍മാന്‍ പാര്‍ക്ക്, ഖിദ്ദിയ്യ തുടങ്ങിയവയുമായും മെട്രോയെ ബന്ധിപ്പിക്കുന്നതാണ്.