മൂന്ന് വര്‍ഷത്തിന് ശേഷം സൗദി വനിതാ ആക്ടിവിസ്റ്റ് ജയില്‍ മോചിതയായി

lujain

റിയാദ്: സൗദിയിലെ വനിതാ ആക്ടിവിസ്റ്റ് ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ ജയില്‍ മോചിതയായി. മുപ്പത്തിയൊന്നുകാരിയായ ലുജൈന്‍ അല്‍ ഹത്ത്‌ളൂല്‍ സൗദിയില്‍ വാഹനമോടിക്കാനുള്ള അവകാശത്തിന് പോരാട്ടത്തിലൂടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. ലുജൈന്‍ വീട്ടിലെത്തിയതായി സഹോദരന്‍ അറിയിച്ചു.

സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതിന് ആഴ്ചകള്‍ക്ക് മുന്നേയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും, അതിനുള്ള പ്രേരണ നല്‍കിയെന്നും, സൗദിയുടെ ശത്രുരാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹത്ത്‌ളൂലിനെതിരേ ചുമത്തിയത്. ഇവര്‍ കുറ്റം സമതിച്ചതായും 68 മാസം ജയില്‍ ശിക്ഷ കോടതി വിധിച്ചു. ജയിലില്‍ മര്‍ദനമേറ്റെന്ന ആരോപണവും കോടതി പരിശോധനക്ക് ശേഷം തള്ളിയിരുന്നു. എന്നാല്‍ വിചാരണ തടവു കൂടി കണക്കിലെടുത്ത് ഇവരെ വിട്ടയച്ചു. ഇവരോടൊപ്പം മറ്റു ചില വനിതാ അവകാശ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അവരെയെല്ലാം വിട്ടയച്ചു.