ജിദ്ദ: വിദേശത്തു നിന്ന് വരുന്ന 12 വയസും അതില്‍ കൂടുതലുമുള്ള തീര്‍ഥാടകര്‍ക്ക് ഉംറക്ക് അനുമതി നല്‍കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ 18 വയസ് മുതലുള്ളവര്‍ക്കായിരുന്നു അനുമതി. ഉംറ തീര്‍ത്ഥാടകര്‍ക്ക് നിലവിലുണ്ടായിരുന്ന പരമാവധി 50 വയസ്സ് എന്ന പ്രായ പരിധി ഈയിടെയായി മന്ത്രാലയം എടുത്തുകളഞ്ഞിരുന്നു.
ഇനിമുതല്‍ 12 വയസിന് മുകളിലുള്ള എല്ലാവര്ക്കും വിദേശത്തു നിന്നും ഉംറ തീര്‍ത്ഥാടനത്തിനും ഇരു ഹറമുകളിലെയും നമസ്കാരങ്ങള്‍ക്കും റൗദ സന്ദര്‍ശനത്തിനും അനുമതിയുണ്ട്. സൗദിക്കകത്തു നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരില്‍ 12 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.
ആഭ്യന്തര, വിദേശ തീര്‍ത്ഥാടകരെല്ലാവരും ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി അനുമതി നേടിയിരിക്കണം. ‘തവക്കല്‍ന’ ആപ്പില്‍ ആരോഗ്യ നില ‘രോഗപ്രതിരോധശേഷി’ ഉള്ളതാണെങ്കില്‍ മാത്രമേ അനുമതി ലഭിക്കൂ. വിദേശത്ത് നിന്ന് വരുന്നവര്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഖുദൂം പ്ലാറ്റ്ഫോമില്‍ വാക്സിന് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം, കൂടാതെ രാജ്യത്ത് എത്തിയതിന് ശേഷം തവക്കല്‍ന, ഇഅ്തമര്‍നാ ആപ്ലിക്കേഷനുകളിലും രജിസ്റ്റര്‍ ചെയ്യണം.