ജിദ്ദ: ഉംറ തീര്‍ത്ഥാടനം അധികം വൈകാതെ പുനരാരംഭിക്കുമെന്ന് സൗദി അധികൃതരെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ആഭ്യന്തര തീര്‍ത്ഥാടകരെ മാത്രമായിരിക്കും അനുവദിക്കുക.
സപ്തംബര്‍ 15 മുതല്‍ ഭാഗികമായും ജനുവരി 1 മുതല്‍ പൂര്‍ണമായും യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി ഘട്ടം ഘട്ടമായായിരിക്കും ഉംറ സര്‍വീസ് പുനരാരംഭിക്കുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു.
നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആഭ്യന്തര തീര്‍ത്ഥാടകരെ മാത്രമാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുകയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ഹജ്ജ് ഉംറ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും.
ഓരോ തീര്‍ത്ഥാടകനും കര്‍മം നിര്‍വഹിക്കേണ്ട തിയ്യതിയും സമയവും അറിയിക്കുന്ന മൊബൈല്‍ ആപ്പ് തയ്യാറാക്കും. നിശ്ചിത ഉപാധികള്‍ പാലിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേക ഉംറ പെര്‍മിറ്റ് ഇഷ്യു ചെയ്യും.
Umrah service to resume with limited domestic pilgrims