റിയാദ്: കടുത്ത പ്രമേഹത്തെ തുടര്‍ന്ന് കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഒപ്പം താമസിക്കുന്നവര്‍ മുറിക്ക് പുറത്താക്കിയ യുപി സ്വദേശിക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. റിയാദില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍ പ്രദേശ് മഹാരാജ്ഖണ്ഡ് സ്വദേശി ജാഹിര്‍ അലി (59)ക്ക് ആണ് കെഎംസിസി പ്രവര്‍ത്തകര്‍ തുണയായത്. മുറിയില്‍ നിന്ന് പുറത്താക്കപ്പെ ജാഹിര്‍ അലി താമസ കെട്ടിടത്തിന്റെ ടെറസില്‍ ആണ് കഴിഞ്ഞിരുന്നത്.
കാലിലെ മുറിവ് പഴുത്ത് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ റൂമിലുള്ളവര്‍ കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റുകയായിരുന്നു. സന്ദര്‍ശക വിസയില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ എത്തിയ മകന് പിതാവിനെ തന്റെ അടുത്ത് എത്തിക്കാന്‍ റിയാദിലുള്ള ടാക്സി ഡ്രൈവര്‍ സാദിഖ് വല്ലപ്പുഴയെ ഏല്പിക്കുകയായിരുന്നു. കൊണ്ടുപോകാന്‍ വേണ്ടി റിയാദിലെ താമസസ്ഥലത്ത് ചെന്നപ്പോഴാണ് ടെറസില്‍ കഴിയുന്ന രോഗിയെ കണ്ടത്.
ജാഹിര്‍ അലിയുടെ ദയനീയാവസ്ഥ കണ്ട സാദിഖ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്മാന് സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ട് സഹായം തേടി. കണ്‍വീനര്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ജുബൈലില്‍ നിന്നെത്തിയ ജാഹിര്‍ അലിയുടെ മകനും ചേര്‍ന്ന് അടിയന്തര ചികിത്സക്കായി റിയാദ് ശുമൈസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലില്‍ ശക്തമായ അണുബാധയുണ്ടെന്നും ഇത് ജീവന് അപകടമാണെന്നും പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ സമ്മതത്തോടെ കാല് മുറിച്ചു. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് റൂമില്‍ തിരിച്ചെത്തി. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ജാഹിര്‍ അലിയെ നാട്ടിലെത്തിക്കാനുള്ള സഹായങ്ങളും കെഎംസിസി പ്രവര്‍ത്തകര്‍ നല്കി. വ്യാഴാഴ്ച ലഖ്നോയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ നാട്ടുകാരനായ ജാവേദിന്റെ കൂടെ യാത്രയാക്കി. വെല്‍ഫെയര്‍ വിങ്ങ് മെഡിക്കല്‍ ടീം സുഫ്യാന് ചൂരപ്പുലാന്‍, ഹബീബ്, ഷബീര്‍, അബ്ദുല്‍ സമദ്, ഇര്‍ഷാദ് തുവ്വൂര്‍, നേവല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ആഷിഖ്, ഷറഫ് എന്നിവര്‍ വിവിധ ഘട്ടങ്ങളില്‍ സഹായത്തിനുണ്ടായിരുന്നു.