Saturday, October 1, 2022
HomeNewsfeedവിദേശത്ത് നിന്ന് വാക്‌സിനെടുത്തവര്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് സൗദി

വിദേശത്ത് നിന്ന് വാക്‌സിനെടുത്തവര്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് സൗദി

റിയാദ്: വിദേശത്ത് നിന്ന് വാക്സിനെടുത്ത് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് മുമ്പ് പ്രത്യേക ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് നല്‍കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. യാത്രക്കാരില്‍ നിന്ന് ഫോം പൂരിപ്പിച്ച് വാങ്ങാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

സ്വദേശികള്‍ക്കും നേരത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്നറിയിച്ചവര്‍ക്കും ഈ വ്യവസ്ഥ ബാധകമല്ല. മുഖീം സിസ്റ്റത്തിന്റെ പ്രത്യേക ലിങ്ക് വഴിയാണ് വാക്സിനേഷന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഇതോടെ സൗദിയിലേക്കുള്ള അവരുടെ യാത്രാ നടപടികള്‍ സുതാര്യമാകുമെന്നും അതോറിറ്റി അറിയിച്ചു. ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഏവിയേഷന്‍ അതോറിറ്റി, ഇല്‍മ് കമ്പനി, സാദിയ എന്നിവയുമാണ് സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ഫൈസര്‍, ആസ്ട്രാസെനിക്ക കോവിഷീല്‍ഡ്, മോഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നിവയിലേതെങ്കിലും വാക്സിനുകള്‍ എടുത്തവരാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ആ രാജ്യത്തെ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫൈ ചെയ്യണം. വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞേ യാത്ര സാധ്യമാവൂ. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പാണ് ഫോം പൂരിപ്പിക്കേണ്ടത്. ബോര്‍ഡിംഗ് പാസ് ഇഷ്യു ചെയ്യുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തും.

പേര്, ജനനത്തിയ്യതി, പാസ്പോര്‍ട്ട് നമ്പര്‍, പൗരത്വം, ഫ്ളൈറ്റ് നമ്പര്‍, വരുന്ന ദിവസവും സ്ഥലവും, എയര്‍ലൈന്‍, വാക്സിനെടുത്ത രാജ്യം, വാക്സിന്‍ ഇനം, ഒന്നാം ഡോസ് എടുത്ത തിയ്യതി എന്നിവയാണ് ഈ ഫോമില്‍ പൂരിപ്പിക്കേണ്ടത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റെടുത്ത് കൂടെ കരുതണമെന്നും അതോറിറ്റി അറിയിച്ചു.
ALSO WATCH

Most Popular