ദമ്മാം: തന്റെ ഇഖാമ നമ്പര്‍ ഉപയോഗിച്ച് അജ്ഞാതര്‍ സൗദിയില്‍ നിന്ന് പാകിസ്താനിലേക്ക് പണമയച്ചതിന്റെ പേരില്‍ മലയാളി യുവാവ് കുരുക്കില്‍. സൗദിയില്‍ പ്രവാസിയായ തിരുവന്തപുരം, പാപ്പനംകോട്, പൂളിക്കുന്ന് കൃഷ്ണയില്‍ ജിഷ്ണുവാണ് (27) അഞ്ചുവര്‍ഷമായി നാട്ടില്‍ പോകാനാവാതെ കുടുങ്ങിയിരിക്കുന്നതെന്ന് മാധ്യമം റിപോര്‍ട്ട് ചെയ്തു.
പാകിസ്താനിലേക്ക് വന്‍തുക അയച്ചെന്ന് സൗദിയുടെ വിവിധയിടങ്ങളിലായി മൂന്ന് കേസുകളാണുള്ളത്. റിയാദിലെ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന വിഷ്ണു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഷോപ്പിങ് മാളില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൗണ്ടറില്‍ നിന്ന് ഒരു സിം എടുത്തിരുന്നു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സിം നല്കിയ കമ്പനിയുടെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിരിക്കുന്നു എന്നറിയിച്ച് ഒരു കാള്‍ വന്നു. കൂടെയുണ്ടായിരുന്ന ചില ഹിന്ദി സുഹൃത്തുകളാണ് വിഷ്ണുവിന് വേണ്ടി ഫോണില്‍ മറുപടി പറഞ്ഞത്. വിളിച്ചവര്‍ ആവശ്യപ്പെട്ടത് പ്രകാരം ഇഖാമയുടെ പകര്‍പ്പും അയച്ചുകൊടുത്ത് സമ്മാനത്തിനായി കാത്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാത്തതിനെതുടര്‍ന്ന് സിം കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ അങ്ങനെയൊരു നറുക്കെടുപ്പ് നടത്തിയിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടതാകും എന്നും അവര്‍ അറിയിച്ചു.
മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാന്‍ റീ എന്‍ട്രി വിസ അടിക്കാന്‍ ശ്രമിക്കുമ്പോഴാണ് തന്റെ പേരില്‍ ദക്ഷിണ സൗദിയിലെ അബഹയില്‍ രണ്ടും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഒന്നും കേസുള്ളതായി അറിയുന്നത്. വിഷ്ണുവിന്റെ ഇഖാമ നമ്പര്‍ ഉപയോഗിച്ച് ഈ മുന്ന് സ്ഥലങ്ങളില്‍ നിന്നായി 160,000 റിയാല്‍ പാകിസ്താനിലേക്ക് അയച്ചു എന്നും വരുമാനത്തില്‍ വളരെ കൂടുതലാണ് അയച്ചതെന്നുമാണ് കേസ്.
ഈ കേസുകളുടെ കുരുക്കഴക്കാതെ വിഷ്ണുവിന് നാടുകാണാനാവില്ല. കമ്പനിയും കൈയ്യൊഴിഞ്ഞതോടെ വിഷ്ണു ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. എംബസി നിര്‍ദേശ പ്രകാരം സാമൂഹിക പ്രവര്ത്തകന് നാസ് വക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജുബൈല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഒഴിവായിക്കിട്ടി. ഇനി അബഹയിലുള്ള രണ്ട് കേസുകളുടെ കുരുക്ക് കൂടി അഴിക്കണം. അതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് വിഷ്ണു.