ദമ്മാം: സൗദിയില്‍നിന്ന് കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകുന്ന അഞ്ചു വിഭാഗം യാത്രക്കാര്‍ക്ക് ഇനിമുതല്‍ കോവിഡ് തിരിച്ചറിയാനുള്ള പി.സി.ആര് പരിശോധനഫലം ആവശ്യമില്ല. അംഗീകൃത നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളുമാണ് ഇതില്‍ ഒന്നാമത്തേത്. ഔദ്യോഗിക സര്‍ക്കാര്‍ ദൗത്യങ്ങള്‍ കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥര്‍, മിലിട്ടറി സേവനങ്ങളില്‍ ഏര്‍പ്പെട്ട വിദേശ സൈനികരും കുടുംബവും, ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ചികിത്സ കഴിഞ്ഞ് മടങ്ങുന്നവര്‍, ബഹ്റൈനിലെ കോവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ എന്നിങ്ങനെയാണ് മറ്റുള്ളവര്‍. കിങ് ഫഹദ് കോസ്വേ അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ബാക്കിയുള്ള മുഴുവന്‍ യാത്രക്കാരും കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ നിബന്ധന പാലിച്ചിരിക്കണം. സൗദിയില്‍ നിന്ന് പോകുന്നവര്‍ക്ക് ബഹ്റൈന്‍ സര്‍ക്കാറിന്റെ അംഗീകാരമുള്ള സൗദിയിലെ ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന പി.സി.ആര് ടെസ്റ്റ് റിസല്‍ട്ട് വേണം. യാത്രക്കുമുമ്പ് 72 മണിക്കൂറിനുള്ളിലെ പരിശോധനഫലമാണ് വേണ്ടത്.
ഇത് കൈവശമില്ലാത്തവരെ 400 റിയാല്‍ നിരക്കില്‍ ബഹ്റൈനില്‍ പി.സി.ആര് പരിശോധനക്ക് വിധേയമാക്കും. സൗദി അറേബ്യ ഒരുക്കിയ സൗജന്യ പി.സി.ആര് ടെസ്റ്റിന്റെ നെഗറ്റിവ് റിസല്‍ട്ട് സംബന്ധിച്ച മൊബൈല്‍ സന്ദേശവും കോസ്വേയില് സ്വീകരിക്കും. പരിശോധനഫലം കൈവശമില്ലാതെയെത്തുന്ന യാത്രക്കാരെ കോസ്വേയുടെ നിശ്ചിത സ്ഥലത്ത് പി.സി.ആര് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളിലേക്ക് അയക്കും. പണം കൈയിലില്ലാത്തവര്‍ക്ക് ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പണമടക്കാം.